അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസ്സിയേഷൻ ഒഫ് നാഷ്‌വിൽ (KAN) ഈ വർഷത്തെ ഓണം ആഗസ്റ്റ് 22 ഞായറാഴ്ച നാഷ്‌വിൽ ഗണേശ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാവേലിയെ സ്വീകരിക്കാൻ ചെണ്ടമേളം, പുതുവസ്ത്രമണിഞ്ഞ പെൺകുട്ടികളുടെ താലപ്പൊലി, പുലിക്കളി അടക്കം ശ്രവണ-നയന മനോഹരമായ ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.
കാൻ പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കാൻ ഭാരവാഹികളും മാവേലിയായി വന്ന ശ്രീ സുജിത് പിള്ളയും നിലവിളക്ക് തെളിയിച്ച് സംയുക്തമായി നിർവ്വഹിച്ചു. കാൻ വൈസ് പ്രസിഡണ്ട് രാകേഷ് കൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ഷിബു പിള്ള നന്ദി പ്രകാശിപ്പിച്ചു. എല്ലാ ഭരണസമിതി ഭാരവാഹികളും അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
തുടർന്ന കാൻ അംഗങ്ങൾ നയനമനോഹരമായ ക്ലാസിക്ക് നൃത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസുകൾ, ശ്രവണമനോഹരമായ ഗാനങ്ങൾ, ലഘുനാടകം എന്നിവ അവതരിപ്പിച്ചു. പരിപാടികൾക്ക് കൾച്ചറൽ കമ്മിറ്റി ചെയർമാൻ മനോജ് രാജനും, എംസിയായ ലീന ജോർജും നേതൃത്വം നല്കി.
ഓണാഘോഷത്തോടുനുബന്ധിച്ച് കാൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി.
ഫുഡ് കമിറ്റി ചെയർമാൻ അനീഷ കാപ്പാടന്റേയും വൈസ് ചെയർമാൻ രമേഷ് പരമേശ്വരന്റേയും നേതൃത്വത്തിൽ കാനിന്റെ വളണ്ടിയർമാർ തന്നെ പാചകം ചെയത സാമ്പാറും അവിയലും കാളനും രണ്ട് തരം പ്രഥമനും അടക്കം ഇരുപതോളം വിഭവങ്ങൾ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.