കാസര്‍കോട് ഉദുമയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാന്‍ ആണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധനഫലം ഇന്ന് ലഭിക്കും. ഹൃദായാഘാതമാണ് മരണകാരണമെന്ന് കാസര്‍കോട് ഡിഎംഒ അറിയിച്ചു.

ഇന്നലെ 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 2543 ആയി. അതേസമയം, ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ആശ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുകയാണ്.