അലാസ്ക ; ആര്‍ട്ടിക് മേഖലയില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്ബരപ്പിച്ച്‌ അസാധാരണമായ കാറ്റും ഇടിമിന്നലും . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍ട്ടിക് മേഖലയില്‍ തുടര്‍ച്ചയായി കാറ്റും മിന്നലുമുണ്ടാവുകയാണ് . ഇത്തരമൊരു പ്രതിഭാസം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സൈബീരിയ മുതല്‍ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആര്‍ട്ടിക് മേഖല മഞ്ഞു മൂടി കിടക്കുകയാണ്. മഞ്ഞു മൂടിയ ആര്‍ട്ടിക് മേഖലയില്‍ മിന്നലിന് വിദൂരസാധ്യത പോലുമില്ലാത്തതാണ് . എന്നാല്‍ 2010 മുതല്‍ ഗ്രീഷ്മകാലത്ത് ആര്‍ട്ടിക്കില്‍ മിന്നലുകള്‍ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ അതിന്റെ ശക്തിയും വ്യാപ്തിയും വര്‍ധിച്ചുവരികയാണ്.

അന്തരീക്ഷോഷ്മാവ് വര്‍ധിച്ചതോടെ മേഖലയിലെ വായു മിന്നല്‍ചാലകമായി മാറുന്നതാണ് ഇതിന് കാരണം . അതുകൊണ്ട് തന്നെ ഈ പ്രതിഭാസം ആര്‍ട്ടിക്കില്‍ ഇനി തുടര്‍ച്ചയായി ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം .

ഈ വര്‍ഷം ഇതുവരെയുണ്ടായ കാട്ടുതീ വ്യാപനങ്ങള്‍ മൂലം സൈബീരിയിയില്‍ ഗ്രീസിനേക്കാള്‍ വലിയൊരു ഭൂപ്രദേശം കത്തിച്ചാമ്ബലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ . ഗ്രീന്‍പീസ് റഷ്യയാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തിറക്കിയത് . സൈബീരിയ ഒരു ക്ലൈമറ്റ് ഹോട്ട്‌സ്‌പോട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഗ്രീന്‍പീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.