കാബൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റാക്രമണ പരമ്പര. ആക്രമണം നടത്തിയതിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന പേരില്‍ അമേരിക്ക ആക്രമണം നടത്തുന്നുണ്ടെന്നണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഒഴിപ്പിക്കല്‍ പുരോഗമിക്കുന്ന ഹാമിദ്​ കര്‍സായി വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയ റോക്കറ്റുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌​ തകര്‍ത്തതായി യു.എസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ്​ തുടര്‍ച്ചയായി റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയത്​. ഇവ കാബൂളിലെ സലീം കര്‍വാന്‍ പ്രദേശത്ത്​ പതിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്ന്​ കെട്ടിടത്തിലാണ്​ വീണത്​. ആളപായമില്ലെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​.

കാബൂളിന്​ വടക്ക്​ ഒരു വാഹനത്തില്‍നിന്നാണ്​ ആക്രമണമുണ്ടായതെന്ന്​ സൂചനയുണ്ട്​. രാവിലെ ആദ്യ ആക്രമണം നടന്നതിന്​ പിറകെ കൂടുതല്‍​ റോക്കറ്റുകള്‍ എത്തുകയായിരുന്നു.ഇവക്കു പിന്നില്‍ ആരെന്ന്​ വ്യക്​തമല്ല. അതിനിടെ, കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട്​ ആക്രമണത്തിനെത്തിയ ചാവേറിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു.എസ്​ വൃത്തങ്ങള്‍ പറഞ്ഞു.

വരും ദിവസങ്ങളിലും സമാന ആക്രമണമുണ്ടാകുമെന്നാണ്​ റിപ്പോര്‍ട്ട്​. അതേസമയം, 31നുള്ളില്‍ രാജ്യം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവസാനത്തെ 300 സൈനികരെയും സമയബന്ധിതമായി മടക്കിക്കൊണ്ടുപോകുമെന്ന്​ യു.എസ്​ അറിയിച്ചു. വരുംദിവസങ്ങളില്‍ ഐ.എസ്​ ഖുറാസാന്‍ ആക്രമണം ശക്​തമാക്കാന്‍ സാധ്യത കണക്കിലെടുത്താണ്​ അതിവേഗത്തിലാക്കുന്നത്​.