ലഖ്‌നൗ : ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ അന്തേവാസികളായ 57 പെണ്‍കുട്ടികള്‍ക്ക് കൊറോണ രോഗം. പ്രായപൂര്‍ത്തിയാകാത്ത ഈ കുട്ടികളില്‍ അഞ്ച് പേര്‍ ഗര്‍ഭിണികളാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. . കോവിഡ് സ്ഥിരീകരിക്കാത്ത മറ്റ് രണ്ട് പെണ്‍കുട്ടികളും കൂടി ഗര്‍ഭിണികളാണ്. എല്ലാവരെയും പ്രത്യേക ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള പെണ്‍കുട്ടികളെയും ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സ്ഥാപനം സീല്‍ ചെയ്തു.
സ്വരൂപ് നഗറില്‍ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തിലെ അന്തേവാസികളില്‍ പലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രാദേശിക ഭരണകൂടം ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പെണ്‍കുട്ടികളില്‍ ചിലര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുപി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സത്യാവസ്ഥ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം.
ഉത്തര്‍ പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് കാണ്‍പൂര്‍. ഈ സംഭവത്തോടെ കാണ്‍പൂരില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.