ചെറുവത്തൂര്‍: കാക്കപ്പൂവിന്റെ കമനീയഭംഗിയുമായി പരന്നു കിടക്കുന്ന വീരമലക്കുന്നില്‍ ടൂറിസം സാദ്ധ്യതകള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു. ചെറുവത്തൂര്‍ ദേശീയ പാതയോട് ചേര്‍ന്ന് 37 ഏക്കറിലായി ചരിത്രരേഖകളില്‍ ഇടം പിടിച്ച ഈ കുന്നിന്‍ പ്രദേശം ഓണക്കാലത്ത് നീല പുതച്ചുനില്‍ക്കുന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല.
സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വീര മലക്കുന്നില്‍ ഇക്കോ ടൂറിസം, റെയിന്‍ബൊ വില്ലേജ് തുടങ്ങിയ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ ആലോചനകള്‍ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലായാല്‍ കാസര്‍കോട് ജില്ലയുടെ ടൂറിസം മുന്നേറ്റത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ ടൂറിസം വികസന പദ്ധതിക്കായി വീരമലക്കുന്നിനെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും വനംവകുപ്പിന്റെ അനുമതി തടസമായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനം -ടൂറിസം വകുപ്പ് അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് വീരമല കുന്നിനെ ദേശീയ ടൂറിസം ഭൂപടത്തില്‍ ഇടം ലഭിക്കുന്ന വിധത്തിലുള്ള പദ്ധതിക്ക് വീണ്ടും ചിറകു മുളക്കുന്നത്.
വനംവകുപ്പിന്റെ പക്കലുള്ള 44 ഏക്കറും റവന്യൂവിന് കീഴിലുള്ള 11 ഏക്കറുമടക്കം 55 ഏക്കറിലാണ് ബി.ആര്‍.ഡി.സി വീരമലക്കുന്ന് ടൂറിസം പദ്ധതി ആലോചിക്കുന്നത്. കുന്നിന് മുകളിലെ പ്രകൃതിദത്തമായുള്ള കുളം നവീകരിച്ച് ഉപയോഗപ്രദമാക്കുന്നതോടൊപ്പം, വിശ്രമകേന്ദ്രം, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, വാച്ച് ടവര്‍, കളിസ്ഥലം എന്നിവ ഒരുക്കും. സപ്ത ഭാഷാസംഗമഭൂമിയായ കാസര്‍കോടിന്റെ ചരിത്രവും പൈതൃകവും, വീരമല ക്ഷേത്ര മടക്കമുള്ള പരിസരത്തെ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കുള്ള പഠനകേന്ദ്രവും തയ്യാറാക്കും. ഭാവിയില്‍ ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ച് വീരമല കുന്നില്‍ നിന്നും കാര്യങ്കോട് പുഴക്ക് കുറുകെ റോപ്പ് വേ സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കിക്കഴിഞ്ഞു.
ഡച്ചുകാരുടെ കോട്ട…
നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് കിഴക്കന്‍ മലയോരമേഖലകളില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ ശേഖരിച്ചു വെക്കാനും മറ്റുമായി ഡച്ചുകാര്‍ കോട്ട നിര്‍മ്മിച്ച സ്ഥലമാണ് വീരമലകുന്ന്. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. അറബിക്കടലിന്റെ വിദൂരവീക്ഷണവും സൂര്യാസ്തമന ദൃശ്യഭംഗിയും രാമന്‍ചിറതടാകത്തിന്റെയും തേജസ്വിനിയുടെയും ദൂരകാഴ്ചകളുമൊക്കെ വീരമലക്കുന്നിന്റെ ആകര്‍ഷണമാണ്. വലിയപറമ്ബയിലെ പുലിമുട്ട്, കായല്‍ക്കാഴ്ച , കോട്ടപ്പുറത്തെ ഹൗസ് ബോട്ട് സര്‍വ്വീസ്, എന്നിവയെല്ലാം ഉപയോഗപ്പെടുത്താനായാല്‍ ബേക്കലിനും റാണിപുരത്തിനുമൊപ്പം മികച്ച ടൂറിസം സ്പോട്ടായി കാസര്‍കോടിനെ മാറ്റാനാകും



