കൊച്ചി കാക്കനാട്ടുള്ള ഫ്ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാൻ എക്സൈസ് ശ്രമം നടത്തി. ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് എക്സൈസ് മഹസർ. ബാഗ് കണ്ടെത്തിയതിൽ പ്രതികളില്ലാതെയാണ് പ്രത്യേകം കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹസറിൻറെ പകർപ്പ് 24 ലഭിച്ചു.

കഴിഞ്ഞ 19 അം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെ‍ൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.