പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വിവാദ ക്രിക്കറ്റ് ലീഗായ കശ്മീർ പ്രീമിയർ ലീഗ് അംഗീകരിക്കരുതെന്ന ബിസിസിഐയുടെ അപേക്ഷയിൽ ഒന്നും ചെയ്യാനാവില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ആഭ്യന്തര ലീഗുകൾ തങ്ങളുടെ കീഴിൽ അല്ലെന്നും അതാത് ക്രിക്കറ്റ് ബോർഡുകളാണ് അതിന് അനുമതി നൽകേണ്ടതെന്നുമാണ് ഐസിസിയുടെ നിലപാട്. തർക്കപ്രദേശങ്ങൾ തങ്ങളുടെ അധികാരപരിധിയിൽ അല്ലെന്നും ഐസിസി വ്യക്തമാക്കി.

അതേസമയം, വിവാദമായ കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ദേശീയ താത്പര്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പാകിസ്താൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിന് എതിർപ്പില്ലെന്നും ബിസിസിഐ പറഞ്ഞു.

“കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങളെ അനുവദിക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് ലംഘിച്ച് ലീഗിൽ കളിക്കുന്ന താരങ്ങളെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കും. ഇക്കാര്യത്തിൽ ഞങ്ങൾ ദേശീയ താത്പര്യം പരിഗണിക്കുന്നുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ഇത് പാക് അധിനിവേശ കശ്മീരിലെ ക്രിക്കറ്റ് ലീഗാണ്.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാക്കൻ ക്രിക്കറ്റ് താരം ഹെർഷെൽ ഗിബ്‌സ് രംഗത്തെത്തിയിരുന്നു. കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാതിരിക്കാൻ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. മുസാഫറാബാദിൽ ഓഗസ്ത് ആറിനാണ് കാശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കെയാണ് പ്രകോപനപരമായി കശ്മീർ പ്രീമിയർ ലീഗുമായി പാകിസ്താൻ മുന്നോട്ടു പോകുന്നത്.

ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.