കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫിസര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസുകാരന്റെ പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളടക്കം 25 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച കളമശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ സഹപ്രവര്‍ത്തകനായ പൊലീസുകാരനാണ് ഇന്നലെ രാത്രി കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴം മുതല്‍ ഇടക്കൊച്ചിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ആണ് വെങ്ങോല സ്വദേശിയായ ഈ പൊലീസുകാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പമാണ് യാത്ര ചെയ്തിരുന്നത്. സ്റ്റേഷനകത്ത് ആയുധങ്ങള്‍ വൃത്തിയാക്കുന്ന ജോലിയും ഇവര്‍ ഒന്നിച്ചാണ് ചെയ്തിരുന്നത്.

 

കളമശേരി പൊലീസ് സ്റ്റേഷിലെ ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പൊലീസുകാരിലും നടത്തിയ സ്രവപരിശോധനയില്‍ ഒരാളുടെ ഫലം മാത്രമാണ് പൊസിറ്റീവായത്. പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ കുടുംബാംഗങ്ങളും, കളമശേരി സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും, ഹൈക്കോടതിയിലെ മൂന്ന് ജീവനക്കാരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരവും ജാഗ്രതയിലായി. നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് ഐ.ജി വിജയ് സാക്കറെ വ്യക്തമാക്കി

കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ പൊലീസുകാരന്‍ ഹൈക്കടതിയിലെത്തിയെന്ന് വ്യക്തമായതോടെ ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ഗവണ്‍മെന്റ് പ്ലീഡറും, ഐജി ഓഫിസിലെ ചില ജീവനക്കാരും ക്വാറന്റീനില്‍ പോയി. ഹൈക്കോടതി അണുവിമുക്തമാക്കി. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. അഭിഭാഷക അസോസിഷേയന്റെ ഓഫിസും താല്‍ക്കാലികമായി അടച്ചു.