കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന കൊല്ലം താലൂക്കിലെ പരാതിപരിഹാര അദാലത്തില്‍ കാഴ്ച്ചയില്ലാത്ത ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ കണ്ണറത്തൊടി സ്വദേശിനി സബീലയുടെ ആകുലതകള്‍ക്കും ആശങ്കകള്‍ക്കും അവസാനമായി. മുന്‍ഗണനേതര വിഭാഗത്തില്‍ നിന്നും മുന്‍ഗണനാ വിഭാഗത്തിലേക്ക് സബീലയുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയും സൗജന്യ കുടിവെള്ള കണക്ഷന്‍ അനുവദിച്ചും അദാലത്തില്‍ പരാതി തീര്‍പ്പാക്കി.
താലൂക്ക്-വില്ലേജ് തലങ്ങളില്‍ പരിഹാരമാകാതിരുന്ന 119 പരാതികള്‍ പരിഗണിച്ചതില്‍ 47 എണ്ണം തീര്‍പ്പാക്കി. കിഴക്കേ കല്ലട, മുളവന, കണ്ണനല്ലൂര്‍, നെടുങ്ങോലം എന്നിവിടങ്ങളിലെ അക്ഷയ സെന്ററുകള്‍ വഴിയാണ് പരാതികള്‍ കേട്ടത്. പരാതികളില്‍ മൂന്നു ദിവസത്തിനുള്ളില്‍ തുടര്‍നടപടികള്‍ കൈക്കൊണ്‍് കക്ഷികള്‍ക്ക് മറുപടി നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്, വഴിത്തര്‍ക്കം, ചികിത്സാ ധനസഹായം, ബാങ്ക് വായ്പയുടെ പലിശ ഇളവ്, വസ്തു അളന്ന് തിട്ടപ്പെടുത്തുന്നത്, കരം ഒടുക്കല്‍ പുനസ്ഥാപിക്കുന്നത്, അപകടകരമായ രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നത് തുടങ്ങിവ പരിഗണിച്ച പരാതികളില്‍പ്പെടുന്നു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം, കൊല്ലം തഹസില്‍ദാര്‍ എസ് ശശിധരന്‍ പിള്ള, താലൂക് സപ്ലൈ ഓഫീസര്‍, വിവിധ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.