കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ഷക സംഘടനകള്‍. ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന് കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും, ബാങ്ക് ജീവനക്കാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന ബുധനാഴ്ച, കര്‍ണാടകയിലെ കര്‍ഷകര്‍ വിധാന്‍സൗധ വളയും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം മടക്കി നല്‍കുമെന്ന് ബോക്‌സിങ് താരം വീജേന്ദര്‍ സിംഗ് പറഞ്ഞു. പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ യോഗം ചേര്‍ന്നു. ഞായറാഴ്ച സിംഗു അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ പഞ്ചാബില്‍ നിന്നുള്ള അഞ്ച് മുന്‍ കായിക താരങ്ങളും പങ്കെടുത്തു. അര്‍ജുന അവാര്‍ഡ് ജേതാക്കളായ രാജ്ബീര്‍ കൗര്‍, ഹോക്കി താരം ഗുര്‍മെയില്‍ സിംഗ്, മുന്‍ ഗുസ്തി താരം കര്‍താര്‍ സിംഗ്, മുന്‍ ബോക്‌സര്‍ ജയ്പാല്‍ സിംഗ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ് അജിത് സിംഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സിംഗുവില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.