കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. തന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും കമല്ഹാസന് അറിയിച്ചു. സമരത്തിന് പിന്തുണ അറിയിച്ച് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ സംഘം സമരവേദിയില്‍ എത്തിയെന്നും കമല്ഹാസന് പറഞ്ഞു.
അതേസമയം, കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ചൊവാഴ്ചത്തെ ഭാരത് ബന്ദിന് കോണ്‍ഗ്രസ് അടക്കം പതിനാല് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. ബന്ദ് ദിവസം ഉച്ചയ്ക്ക് മൂന്ന് മണി വരെ കടകള്‍ അടച്ചിടാന്‍ കര്‍ഷക സംഘടനകള്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന കൂടിക്കാഴ്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നില്ക്കും. അതേസമയം, ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കൂടുതല്‍ കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു.
കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങി പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തു. പ്രക്ഷോഭം നടക്കുന്ന മേഖലകളിലെ നാട്ടുകാരെയും കൂടി ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ രൂപീകരിക്കുമെന്ന് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭകര്‍ക്കുള്ള ഭക്ഷണം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് സമിതികള്‍.