തിരുവനന്തപുരം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2020 അദ്ധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായിരിക്കണം വിദ്യാര്‍ത്ഥികള്‍, 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കണ്ടറി വി.എച്ച്‌.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംങ്ങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോമിലുളള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ 30ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അപേക്ഷകള്‍ യൂണിയന്‍ പ്രതിനിധികള്‍ മുഖേന സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമര്‍പ്പിക്കണം. പരീക്ഷാ തിയതിക്ക് തൊട്ടു മുമ്ബുളള മാസത്തില്‍ 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷാ തിയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. അപേക്ഷാ തിയതി അംഗത്തിന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തീകരിക്കപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.