ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കി. ‘സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍, ഡെന്റല്‍, ആയുഷ്, മറ്റ് അനുബന്ധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടന്‍ തന്നെ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം’ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്ക് കോളേജുകളില്‍ ഹാജരാകുന്നതിന്‌ മുമ്ബ് വാക്സിനേഷന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ-മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി തന്നെ തുറക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ അനുമതി നല്‍കിയതായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാത്രമേ കോളേജുകളിലും സ്ഥാപനങ്ങളിലും ഹാജരാകാന്‍ അനുവാദമുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോളേജുകളും സ്ഥാപനങ്ങളും കോവിഡ് രോഗവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഈ നടപടികള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കുമെതിരെ ഐപിസി സെക്ഷന്‍ 188 പ്രകാരം നിയമനടപടികള്‍ക്കും ബാധകമായ മറ്റ് നിയമ വ്യവസ്ഥകള്‍ക്കും പുറമെ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ച്‌ നടപടിയെടുക്കാന്‍ സാധിക്കുമെന്ന് പ്രസാദ് മുന്നറിയിപ്പ് നല്‍കി.

അതേ സമയം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉടനുണ്ടാകാമെന്നും എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിയന്ത്രണ നടപടികള്‍ കൈക്കൊള്ളണമെന്നും നിതി ആയോഗ് അംഗം (ഹെല്‍ത്ത്) ഡോ. വി.കെ പോള്‍ വ്യക്തമാക്കിയിരുന്നു. മൂന്നാമത്തെ തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ഒഴിവാക്കാന്‍ അടുത്ത 100-125 ദിവസം വളരെ നിര്‍ണായകമാണെന്നും, ആഗോളതലത്തില്‍ കേസുകളുടെ വര്‍ധനവും രോഗതീവ്രത കുറയുന്നതില്‍ ഇന്ത്യയുടെ കാലതാമസവും പ്രത്യേകം പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

‘വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ചില പ്രദേശങ്ങള്‍ക്കും ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വ്യാപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ആശങ്ക ഉണ്ട്. അതിനാല്‍, നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, കാരണം പെട്ടെന്നൊരു പൊട്ടിത്തെറി സംഭവിച്ചേക്കാം. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണ്, പക്ഷേ ഭാവിയില്‍ ഇത് കൂടുതല്‍ വഷളായേക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, സാഹചര്യം നിയന്ത്രണ വിധേയമാക്കേണ്ട ഉത്തരവാദിത്വം നമ്മുടെ കൈയിലാണെന്ന് നിതി ആയോഗ് അംഗം (ഹെല്‍ത്ത്) ഡോ. വി.കെ പോള്‍ പറഞ്ഞു.