ബംഗളൂരു: കര്‍ണാടകയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും ജാഗ്രത തുടരുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയുള്ള രാത്രികാല കര്‍ഫ്യൂ അടുത്ത ആഴ്ചയിലും തുടരും.
കണ്ടെയിന്‍മെന്റിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍-കോച്ചിംഗ് സെന്ററുകളും പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതത്തില്‍ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സ്വിമ്മിംഗ് പൂളുകളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിനായി സ്പോര്‍ട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാനും അനുമതിയുണ്ട്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താം. വിവാഹ ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി.



