കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.
സംഭവത്തില്‍ ഡി ജി സി എ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ സംഘത്തിലെ ചിലരും മന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മന്ത്രി കരിപ്പൂരിലെത്തിയത്. പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എ എക് സ് ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ദുബായിയില്‍നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരില്‍ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. വിമാനാപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു.

191 പേര്‍ വിമാനത്തിലുണ്ടായിരുന്നു. 185 യാത്രക്കാരില്‍ 11 പേര്‍ കുട്ടികളാണ്. ഇതില്‍ കൂടുതലും അഞ്ച് വയസിന് താഴെയാണ്. നാല് ക്യാബിന്‍ ക്രൂ, രണ്ട് പൈലറ്റുമാര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.