തമിഴ്‌നാട് കന്യാകുമാരിയിലെ കോണ്‍ഗ്രസ് എംപി വി വസന്തകുമാര്‍ കൊവിഡ് പിടിപെട്ട് മരിച്ചു. 70 കാരനായിരുന്ന വസന്തകുമാര്‍ ഓഗസ്റ്റ് 10 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ പിടിപെട്ട് ഗുരുതരാസ്ഥയിലായ അദ്ദേഹം ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.

വസന്തകുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചിച്ചു.

വസന്തകുമാര്‍ ആദ്യമായാണ് ലോക്‌സഭയില്‍ എത്തുന്നത്. നേരത്തെ രണ്ട് തവണ തമിഴ്‌നാട് എംഎല്‍എ ആയിരുന്നു. തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു.

വിനോദ ചാനലായ വസന്ത് ടിവി, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഹോം അപ്ലെയന്‍സ് കമ്ബനിയായ വസന്ത് ആന്‍ഡ് കമ്ബനി എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ്.

തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ട്് മരിക്കുന്ന രണ്ടാമത്തെ ജനപ്രതിനിധിയാണ് വസന്തകുമാര്‍. ഡിഎംകെയുടെ പാലക്കാഡൈ എംഎല്‍എ അന്‍പഴകന്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച്‌ മരിച്ചിരുന്നു.