ഫ്ലോറിഡ: 13 അടി നീളമുള്ള മുതലയുടെ വായില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. യു.എസിലെ ലാർഗോയിലെ ഒരു കനാലിൽ നിന്നാണ് മുതലയെ മൃതദേഹവുമായി അധികൃതര്‍ കണ്ടെത്തിയത്. സബ്റിന പെക്കാം (41) എന്ന ഫ്ലോറിഡ സ്വദേശിനിയുടെ മൃതദേഹമാണ് മുതലയുടെ വായില്‍ നിന്ന് കണ്ടെത്തിയത്.

മുതലയുടെ വായില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന്‍റെ വിവിധ ഭാഗങ്ങള്‍ പൊലീസ് സംഘം കനാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 41കാരിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മാര്‍ച്ച് മാസത്തിലും സമാനമായ രീതിയിൽ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ കാണാതായ രണ്ട് വയസുകാരന്‍റെ മൃതദേഹം മുതലയയുടെ വായില്‍ കണ്ടെത്തിയിരുന്നു. മേയില്‍ ഫ്ലോറിഡയില്‍ മലിനജല പൈപ്പ് പരിശോധിച്ചപ്പോള്‍ അഞ്ചടിയിലേറെ വലിപ്പമുള്ള മുതലയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ ഈ മേഖലയില്‍ മുതലകളുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ട്.