1971 ജൂൺ 29–ാം തിയതി ചൊവ്വാഴ്ചത്തെ പ്രഭാതം, രാജൻ എന്ന പ്ലാന്തോട്ടത്തിൽ ജോർജ്ജ് വർഗ്ഗീസ് ശെമ്മാശ്ശന്റെയും കുമാരി വർഗ്ഗീസിന്റെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. ഇന്ന് ആ ദൈവീക നിയോഗത്തിന് 50 വയസ്സ് തികയുന്നു. ഡോ. വർഗ്ഗീസ് പ്ലാന്തോട്ടം കനക ജൂബിലിയുടെ പത്തരമാറ്റിൽ. താൻ കടന്നുപോന്ന പാതയിലൂടെ ഒന്നു തിരിഞ്ഞുനോക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ചിത്രങ്ങൾ അനവധിയാണ്. അവയിലൂടെ ഒരു ചെറിയ തിരനോട്ടം.
പത്തനംതിട്ട മാക്കാംകുന്നിൽ പ്ലാന്തോട്ടത്തിൽ ജോർജ്ജിന്റെയും ചിന്നമ്മയുടെയും പുത്രൻ പി.ജി. വർഗ്ഗീസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം വൈദീക വൃത്തിയ്ക്കായി തന്റെ ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ 1967–ൽ കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ബാഹ്യകേരളത്തിന്റെ ചുമതലയുണ്ടായിരുന്ന അഭി. മാത്യൂസ് മാർ അത്താനാസിയോസ് ഇംഗ്ലീഷ് കുർബ്ബാന ആരംഭിച്ച സമയത്ത്, ഒരു ഗായകൻ കൂടിയായ ശെമ്മാശ്ശൻ ഇംഗ്ലീഷ് കുർബ്ബാനയുടെ ക്വയർ ലീഡറായി പ്രവർത്തിക്കുകയും കോട്ടയം ഏലീയാ കത്തീഡ്രലിലും ചെറിയ പള്ളിയിലുമുള്ള ഗായക സംഘത്തെ പരിശീലിപ്പിക്കുകയും ചെയ്തു പോന്നു. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ജിഎസ്ടിയും ബിഡിയും കരസ്ഥമാക്കി. ഇതേ തുടർന്ന് കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
1971 ജൂൺ മാസം 29–ാം തിയതി തുമ്പമൺ ഭദ്രാസനാധിപൻ ദാനിയേൽ മാർ ഫിലക്സിനോസ് മെത്രാപ്പോലീത്തായിൽ നിന്നും പി.ജി. വർഗ്ഗീസ് ശെമ്മാശ്ശൻ കശീശ്ശ പട്ടം സ്വീകരിച്ചു. ഇന്നത്തെ തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലീമീസ്സ് (ബ. കുറിയാക്കോസ് അച്ചൻ) മെത്രാപ്പോലീത്തായും കണ്ടനാട് ഭദ്രാസനാധിപനായിരുന്ന അഭി. ജോസഫ് മാർ പക്കോമിയോസ് (ബ. ജോസഫ് അച്ചൻ) മെത്രാപ്പോലീത്തായും അന്നത്തെ ആ മഹനീയ കർമ്മത്തിന് സാക്ഷ്യം വഹിച്ചു. പി.ജി. വർഗ്ഗീസ് അച്ചന്റെ കഴിവുകളെ തിരിച്ചറിഞ്ഞ, ബാഹ്യകേരളത്തിന്റെ മെത്രാപ്പോലീത്താ ആയിരുന്ന അഭി. മാത്യൂസ് മാർ അത്താനാസിയോസ്, യുപിയിലെ കാൺപൂരിലും ലക്നൗവിലുമുള്ള ദേവാലയങ്ങളിലേയ്ക്കു അനുയോജ്യനായ വ്യക്തിയാണ് അച്ചൻ എന്ന് മനസ്സിലാക്കി. അഭി. മെത്രാപ്പോലീത്തായുടെ കൽപനകളെ ശിരസ്സാവഹിച്ചുകൊണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകാംഗമായ ആ യുവ വൈദീകൻ അക്രൈസ്തവരുടെ ഇടയിൽ തന്റെ വൈദീക വൃത്തി ആരംഭിച്ചു. ഇന്ന് വളർന്ന് പടർന്ന് പന്തലിച്ച കോൺപൂരിലെ ദേവാലയം നട്ടുനനച്ചു വളർത്തിയത് ഈ യുവ വൈദീകനായിരുന്നു. അതിനുശേഷം കൽക്കട്ട ഭദ്രാസനത്തിന്റെ കത്തീഡ്രൽ വികാരിയായും എംജിഎം കോളേജിന്റെ ചെയർമാനുമായി പ്രവർത്തിച്ചു.
പ്ലാന്തോട്ടമച്ചന്റെ മിഷനറി ജീവിതം ഒരു സ്ഥലത്ത് മാത്രം ഒതുങ്ങി നിന്നില്ല. അത് ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ ഭാഷകളും സംസ്ക്കാരങ്ങളുമുള്ള മനുഷ്യരിലേയ്ക്കു ഇറങ്ങിച്ചെന്നു. അലഹാബാദ്, ഭോപാൽ, ബിലായ്, നൈജീരിയ, ഫാരിദാബാദ്, ദുബായ്, ഗാസിയാബാദ്, ന്യൂഡൽഹി, നോയിഡ, മയൂർ വിഹാർ, അമേരിക്ക എന്നിങ്ങനെ അത് പടർന്ന് പന്തലിച്ചു. ഈ സ്ഥലങ്ങളിലെല്ലാം വികാരിയായും സ്കൂൾ, കോളേജ് എന്നിവയുടെ ചുമതലക്കാരനുമായി പ്രവർത്തിച്ചു.
1992–ൽ അച്ചൻ ദുബായ് പള്ളിയുടെ വികാരിയായിരിക്കുമ്പോൾ പഴയ പള്ളി പൊളിച്ച് അതിവിസ്തൃതവും മനോഹരവുമായ ഒരു ദേവാലയം പണിയിപ്പിച്ച് പൂർത്തിയാക്കി. ഈ ദേവാലയത്തിന്റെ കൂദാശാ കർമ്മത്തിന് അന്നത്തെ ബാവാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ ബാവാ നേതൃത്വം നൽകി. ഇടവക മെത്രാപ്പോലീത്ത ആയിരുന്ന കാലം ചെയ്ത അഭി. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും സഹായ മെത്രാൻ കാലം ചെയ്ത അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയും കൂടാതെ മലങ്കര സഭയിലെ മറ്റനവധി അഭിവന്ദ്യ തിരുമേനിമാരുടെയും അച്ചൻമാരുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
1997–ൽ അമേരിക്കയിലെത്തിയ പി.ജി. വർഗ്ഗീസ് അച്ചൻ, യോങ്കേഴ്സിലെ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായിരിക്കുമ്പോൾ പുതിയ ദേവാലയം പണികഴിപ്പിക്കുന്നതിനുള്ള സ്ഥലം വാങ്ങുകയും കാലം ചെയ്ത മുൻ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ ബർണ്ണബാസ് മെത്രാപ്പോലീത്ത ആ ദേവാലയത്തിന് തറക്കല്ലിടുകയും ചെയ്തു. 2001–ൽ തന്റെ വൈദീക വൃത്തിയുടെ 30–ാം വാർഷികത്തിൽ അഭിവന്ദ്യ മാത്യൂസ് മാർ ബർണ്ണബാസ് മെത്രാപ്പോലീത്ത ബ. വർഗ്ഗീസ് പ്ലാന്തോട്ടത്തിലച്ചനെ കോർ എപ്പിസ്കോപ്പാ പദവിയിലേയ്ക്കു ഉയർത്തി. അച്ചന്റെ നിസ്തൂല സേവനങ്ങളുടെയും ദൈവ ശാസ്ത്രത്തിലും സഭയുടെ ആചാരാനുഷ്ഠാനങ്ങളിലുമുള്ള അഗാധമായ പാണ്ഡ്യത്വത്തിന്റെയും പ്രത്യക്ഷമായ അംഗീകാരമായിരുന്നു ഈ പദവി.
ബോംബെ ഭദ്രാസനാധിപനായ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായും നിലയ്ക്കൽ ഭദ്രാസനാധിപനായ അഭി. ഡോ. ജോഷ്വ മാർ നിക്കോദിമോസ് ( ജോൺസൺ അച്ചൻ) തിരുമേനിയും മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭി. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായും ( എം.സി. ചെറിയാൻ അച്ചൻ) ഈ മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഈ തിരക്കുകൾക്കിടയിലും പഠനത്തിൽ സമർഥനായ അച്ചൻ ന്യൂയോർക്കിലെ വ്ലാഡിമർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.
2004, ജൂലൈ മാസത്തിൽ ബ. പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പായുടെ ഷഷ്ഠിപൂർത്തി യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി. തൃശൂർ ഭദ്രാസനാധിപനായ അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യം തഥവസരത്തിൽ ഉണ്ടായിരുന്നു. 2004 സെപ്റ്റംബറിൽ അച്ചന്റെ സ്വന്തം നാട്ടിൽ വച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ. ബസേലിയോസ് മാർത്തോമ്മ ദിതീമോസ് ബാവായുടെ സാന്നിദ്ധ്യത്തിൽ നടത്തി.
വി. കുർബ്ബാനയെ കുറിച്ചുള്ള അച്ചന്റെ അഗാധമായ അറിവും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള അച്ചന്റെ താല്പര്യവും മനസ്സിലാക്കിയ അച്ചന്റെ ന്യൂഡൽഹിയിലെ ഇടവകക്കാരനായിരുന്ന എ.വി. പൗലോസ് ഐഎഎസ് (റിട്ട. ഫൈനാൻസ്യൽ കമ്മീഷണർ റയിൽവേ & എക്സ്. ഒഫീഷ്യോ സെക്രട്ടറി ടു ഗവൺമെന്റ് ഓഫ് ഇന്ത്യ) അച്ചന് ഒരു സന്ദേശം എഴുതി നൽകി. അച്ചൻ സ്വായത്വമാക്കിയ അറിവുകൾ മറ്റുള്ളളവർക്കു കൂടി പകർന്നു നൽകണമെന്നതായിരുന്നു ആ സന്ദേശം. ഇത് അച്ചന് എഴുത്തിന്റെ ലോകത്തേയ്ക്കുള്ള തന്റെ വാതായനങ്ങൾ തുറക്കുന്നതിനുള്ള പ്രചോദനമേകി. ഈ അനുഭവം അച്ചനെ സാധാരണ ഗതിയിൽ നിന്നും മാറ്റി ചിന്തിക്കുന്നതിനും അതിലൂടെ ഇംഗ്ലീഷിൽ 5 പുസ്തകങ്ങൾ പിറവിയെടുക്കുന്നതിനും ഇടയാക്കി.
വിശ്വാസവും പാരമ്പര്യവും മുൻ നിർത്തി ദൈവശാസ്ത്രപരവും ബൈബിൾ റഫ്രൻസ് ഓടുകൂടിയതുമായിരുന്നു ഈ 5 പുസ്തകങ്ങൾ. (1). ദി ഹോളി കുർബ്ബാന (2). റിപ്പന്റൻസ്, കൺഫഷൻ ആന്റ് ഹോളി കമ്മ്യൂണിയൻ (3). ലൈഫ് ബിയോൺഡ് ദി ഗ്രോവ് (4). ദി ഏഞ്ചൽസ് ആന്റ് ദെയർ മിഷൻ (5). എ ഗൈഡ് ടു ദി ഹോളിലാന്റ് എന്നിവയാണ്. ഈ പുസ്തകങ്ങളിൽ ബാവാ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ തിരുമേനിയുടെയും അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളും ആശംസകളും അടങ്ങിയിരിക്കുന്നു. ഈ അഞ്ച് പുസ്തകങ്ങൾക്കും അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായാണ്. ആശയഗംഭീരവും അർഥ സമ്പുഷ്ഠവുമായ ഈ അഞ്ച് പുസ്തകങ്ങളുടെയും പ്രകാശനം, എൽമോണ്ട് സെന്റ് ബസേലിയോസ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. അതോടൊപ്പം ഇടവകക്കാരുടെ സഹകരണത്തോടെ അച്ചന്റെ 70–ാം ജന്മദിനവും തന്റെ വൈദീക വൃത്തിയുടെ 43–ാം വാർഷികവും അതിഭംഗിയായി 2014 സെപ്തംബർ 13–ാം തിയതി അഭി. മെത്രാപ്പോലീത്താ മാർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് എന്നിവരുടെ സജീവ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു.
ഡോ. വർഗ്ഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പാ 2011 മുതൽ ന്യൂയോർക്കിലെ എൽമോണ്ട് സെന്റ് ബസേലിയോസ് ദേവാലയത്തിന്റെ സാരഥ്യം വഹിക്കുന്നു. കഴിഞ്ഞ 50 വർഷങ്ങളായി സഭാ മക്കളെ നയിക്കുന്ന ആത്മീയ പിതാവാണ് അദ്ദേഹം. തന്റെ സുദീർഘമായ ഈ യാത്രയിൽ വൈദീകൻ, കൗൺസിലർ, മിഷനറി, സോഷ്യൽ വർക്കർ, ലീഡർ, അദ്ധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ, ചെയർമാൻ, മാനേജർ എന്നിങ്ങനെ വൈവിധ്യങ്ങളായ നിരവധി ചുമതലകൾ വഹിച്ചു. ഇതിലുപരി അദ്ദേഹം നല്ലൊരു സുഹൃത്തും, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വഴി കാട്ടിയുമാണ്. 2021 ജൂൺ മാസം പ്ലാന്തോട്ടം അച്ചന്റെ ജീവിത്തതിന് ഇരട്ടി മധുരമാണ് നൽകുന്നത്. തന്റെ പൗരോഹിത്യത്തിന്റെ മാത്രമല്ല വിവാഹ ജീവിതത്തിന്റെ കൂടി ഗോൾഡൻ ജൂബിലിയാണ്.
1971–ൽ രാജൻ ശെമ്മാശ്ശൻ പത്തനംതിട്ട ചെമ്പോത്തറ കുടുംബത്തിലെ കുമാരി ചെറിയാനെ വിവാഹം കഴിക്കുകയും അവർക്ക് ഓമന, ശോഭ, സോണി എന്നീ മൂന്നു കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. രണ്ടാമത്തെ മകൾ ശോഭയെന്ന സുന്ദര കുസുമം 11–ാം വയസ്സിൽ കത്തൃസന്നിധിയിലേയ്ക്കു എടുക്കപ്പെട്ടു.
കനക ജൂബിലിയുടെ പത്തരമാറ്റിൽ തിളങ്ങി നിൽക്കുന്ന വെ. റവ. ഡോ. വർഗ്ഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്ക്കോപ്പായ്ക്കു എൽമോണ്ട് സെന്റ് ബസേലിയോസ് ദേവാലയത്തിലെ എല്ലാ ഇടവകാംഗങ്ങളുടെയും കമ്മിറ്റിയുടെയും പേരിലുള്ള അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതിനൊപ്പം അച്ചന്റെ മന്നോട്ടുള്ള പ്രയാണത്തിൽ പരമകാരുണ്യവാനായ ദൈവം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുവാൻ ഇടയാക്കട്ടെ എന്നും സെക്രട്ടറി റ്റിറ്റോ പണിക്കർ, ട്രഷറാർ ഗീവർഗ്ഗീസ് ടി ജോസഫ് എന്നിവർ ആശംസിച്ചു.



