ഇരിട്ടി : കണ്ണൂരിലെ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും കുട്ടിയും മരിച്ചു . ഒരു കുട്ടിയെ കാണാതായി . പള്ളിപ്പാത്ത് താഹിറ (30 ), താഹിറയുടെ സഹോദരന്റെ മകന് ബാസിത്ത് (12 ) എന്നിവരാണു മരിച്ചത് . താഹിറയുടെ മകനായ മുഹമ്മദ് ഫായിസി (12 )നെയാണ് കാണാതായത് . കുറ്റിക്കായി തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം .
വീടിനു സമീപത്തെ നുച്യാട് കോടാറമ്പ് പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. ഉടന്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അപകടം നടന്നതിന് 50 മീറ്റര്‍ അകലെനിന്ന് താഹിറയെയും തൊട്ടടുത്തുനിന്ന് ബാസിത്തിനെയും കണ്ടെത്തി ഉളിക്കല്‍ പോലീസിന്റെ ജീപ്പില്‍ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു . ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ ആണ് .



