വടക്കന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണ അമേരിക്കന്‍ പോര്‍വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. സംഭവം നടക്കുമ്ബോള്‍ ഒരു പൈലറ്റാണ് വിമാനത്തിലുണ്ടായിരുന്നത്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഈസ്റ്റ് യോര്‍ക്ഷയര്‍ തീരത്ത് നിന്ന് 74 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പോര്‍വിമാനം തകര്‍ന്നുവീണതെന്നാണ് കരുതുന്നത്.

പ്രാദേശിക സമയം രാവിലെ 9.40നാണ് സംഭവം. അപകട കാരണം വ്യക്തമല്ല. 48ാം ഫൈറ്റര്‍ വിംഗിലുള്ള എഫ്- 15സി ഈഗിള്‍ വിമാനമാണ് തകര്‍ന്നുവീണത്. ഇംഗ്ലണ്ടിലെ സഫോകില്‍ ലേകന്‍ഹീത് വ്യോമത്താവളത്തില്‍ നിന്ന് സാധാരണ പരിശീലനത്തിനായി പറന്നുപൊങ്ങിയതായിരുന്നു യുദ്ധവിമാനം.

ബ്രിട്ടീഷ് റോയല്‍ വ്യോമസേനയുടെ താവളമാണ് ലേകന്‍ഹീത്. യു എസ് വ്യോമസേനയുടെ ലിബര്‍ട്ടി വിംഗ് എന്നറിയപ്പെടുന്ന 48ാം ഫൈറ്റര്‍ വിംഗിന്റെ കേന്ദ്രം കൂടിയാണിത്. ലണ്ടനില്‍ നിന്ന് 130 കിലോ മീറ്റര്‍ വടക്കുകിഴക്ക് മാറിയാണ് വ്യോമത്താവളം സ്ഥിതി ചെയ്യുന്നത്.