മുബൈ: ബോളിവുഡ് നടി കങ്കണ റണാവത്ത് നിര്‍മാതാവ് ആകുന്നു. കങ്കണ റണാവത്ത് നിര്‍മാതാവ് ആയി എത്തുന്ന ആദ്യചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയാണ് നായകനാകുന്നത്. മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

‘ടികു വെഡ്സ് ഷേരു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സായ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ ആണ് ചിത്രം തയ്യാറാകുന്നത്.

കങ്കണയും നവാസുദ്ദീന്‍ സിദ്ദിഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് ഇതാദ്യമായാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ കങ്കണയുമായി ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച്‌ നവാസുദ്ദീന്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

തമന്ന ഭാട്ടിയ നായികയായി എത്തുന്ന ‘ബോലെ ചൂഡിയാന്‍’ ആണ് നവാസുദ്ദീന്റെ പുതിയ ചിത്രം. ഇതിനു പുറമേ ജോഗിറ സറാ റാ റാ, മൊസ്തഫ സര്‍വാര്‍ ഫറൂഖി എന്നിവര്‍ ഒരുക്കുന്ന അമേരിക്കന്‍ – ഇന്ത്യന്‍ – ബംഗ്ലാദേശി ഡ്രാമയായ നോ ലാന്‍ഡ്സ് മാനിലും നവാസുദ്ദീന്‍ വേഷമിടുന്നുമുണ്ട്.