ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച തുടരാൻ ധാരണ. ചർച്ച സൗഹാർദപരമെന്ന് യാക്കോബായ സഭ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനാണ് സർക്കാർ ശ്രമമെന്നും യാക്കോബായ വിഭാഗം പ്രതികരിച്ചു. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടൽ ശ്ലാഘനീയമെന്നും യാക്കോബായ സഭ.
ഇന്ന് നടത്തിയ രണ്ടാം ഘട്ട ചർച്ചയിലാണ് തീരുമാനം. രണ്ട് സഭകളും ചർച്ചയിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് അടുത്തഘട്ട ചർച്ചയുടെ തിയതി തീരുമാനിക്കും. ചർച്ചയോട് സഹകരിക്കുമെന്നും കോടതി വിധി അനുസരിച്ചുള്ള സഭാ ഐക്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഓർത്തഡോക്‌സ് സഭ പറഞ്ഞു.
കോടതി വിധിയുടേയും സഭാ ഭരണഘടനയുടെയും ചട്ടക്കൂടിന് ഉള്ളിൽ നിന്നുകൊണ്ടുള്ള പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്ന് ഓർത്തഡോക്‌സ് സഭ നിലപാട് ആവർത്തിച്ചു. ചർച്ചകൾ ഏത് ചട്ടക്കൂടിൽ നടത്തണം എന്നത് സംബന്ധിച്ച് ഇന്ന് ചർച്ച നടന്നതായും ഓർത്തഡോക്‌സ് പ്രതിനിധികൾ പറഞ്ഞു. സഭാ തർക്കത്തിൽ സംഘർഷം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഇരുവിഭാഗങ്ങളെയും അറിയിച്ചു.