ദുബൈ | സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നൂറ് ശതമാനം പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച്‌ എ) അറിയിച്ചു. കൊവിഡ്-19 വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് അധികൃതര്‍ നല്‍കി.

സ്വയം സുരക്ഷിതരായിരിക്കുന്നതോടൊപ്പം സഹപ്രവര്‍ത്തകര്‍ക്കും രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജീവനക്കാര്‍ എടുക്കണമെന്ന് ഡി എച്ച്‌ എ പൊതുജനാരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ബദ്‌രിയ അല്‍ ഹര്‍മി പറഞ്ഞു.
◊ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
◊ മാസ്‌ക് ധരിക്കുന്നതിന് മുമ്ബ് കൈകള്‍ കഴുകണം.
◊ ശരിയായ രീതിയിലാണോ മാസ്‌ക് ധരിച്ചതെന്ന് ഉറപ്പുവരുത്തണം. ◊ ഉപയോഗിക്കാനുള്ള മാസ്‌കുകള്‍ ബാഗിനുള്ളില്‍ സൂക്ഷിക്കണം.
◊ കൈകള്‍ സോപ്പുപയോഗിച്ച്‌ ചുരുങ്ങിയത് 20 സെക്കന്‍ഡ് കഴുകണം.
◊ മറ്റുള്ളവരില്‍ നിന്ന് എപ്പോഴും ചുരുങ്ങിയത് ഒരു മീറ്റര്‍ ശാരീരിക അകലം പാലിക്കണം. താമസ സ്ഥലത്തും ഓഫീസിലും വ്യാപാര കേന്ദ്രങ്ങളിലും നിര്‍ബന്ധമായും ഇത് പാലിക്കണം.
◊ ജീവനക്കാര്‍ എപ്പോഴും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണം.
◊ വ്യക്തിഗത വസ്തുക്കള്‍ ഒരിക്കലും കൈമാറരുത്.
◊ ഓഫീസിലാണെങ്കില്‍ അവരവര്‍ക്ക് നല്‍കിയ ഫോണ്‍ മാത്രം ഉപയോഗിക്കുക. ഫോണ്‍ കൈമാറേണ്ട സാഹചര്യത്തില്‍ അണുനശീകരണം നടത്തണം.
◊ ധരിച്ചിരിക്കുന്ന ഗ്ലൗസ് ഇടവിട്ട് സാനിറ്റൈസ് ചെയ്യണം.
◊ ഗ്ലൗസ് ധരിച്ച കൈ ഉപയോഗിച്ച്‌ മുഖത്തും കണ്ണിലും മൂക്കിലും സ്പര്‍ശിക്കരുത്.
◊ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. സംഘം ചേരുകയും അരുത്.
◊ തീവ്രതയില്ലാത്ത പനിയാണെങ്കിലും ശ്വാസ തടസമുണ്ടെങ്കിലും ഫ്‌ളു ലക്ഷണങ്ങളുണ്ടെങ്കിലും, കൊവിഡ്-19 പോസിറ്റീവ് ആയവരുമായി അടുത്ത് ഇടപഴകിയവരും ജോലിക്ക് പോകരുത്.
◊ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ ഓഫീസില്‍ വിവരം അറിയിക്കുകയും, തൊഴിലിടങ്ങളില്‍ എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം.
◊ കൂടിക്കാഴ്ചകളും യോഗങ്ങളും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റണം. സാധിക്കില്ലെങ്കില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളോടെ ശാരീരിക അകലം പാലിച്ച്‌ നടത്തണം. അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിക്കുക.
◊ മീറ്റിംഗ് റൂമില്‍ സാനിറ്റൈസര്‍, ടിഷ്യൂ, ഡസ്റ്റ് ബിന്‍ നിര്‍ബന്ധം.
◊ ഇരിപ്പിടങ്ങള്‍ തമ്മില്‍ ഓരോ മീറ്റര്‍ അകലം വേണം.
◊ പുറത്തുനിന്ന് ഓഫീസിലേക്കോ താമസ സ്ഥലത്തേക്കോ വരികയാണെങ്കില്‍ വീട്ടിലേക്ക് കയറും മുമ്ബ്, മാസ്‌ക്, ഗ്ലൗസ് ഉപേക്ഷിക്കുക, പാദരക്ഷ വാതില്‍ പടിക്ക് പുറത്തുവെക്കുക, ഫോണ്‍, വാഹനത്തിന്റെ താക്കോല്‍, വാലെറ്റ് എന്നിവ അണുമുക്തമാക്കുക, കൈകള്‍ രണ്ടും വൃത്തിയായി കഴുകുക, വസ്ത്രം മാറുക.
വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടേണ്ടത് ഔദ്യോഗിക സ്രോതസുകളിലൂടെയായിരിക്കണമെന്നും ഡോ. ബദ്‌രിയ അല്‍ ഹര്‍മി ഉണര്‍ത്തി.