അധ്യാപക നിയമനത്തിനായി സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ ഓണ്‍ലൈന്‍ അഭിമുഖം നടത്തിയതില്‍ ചട്ടലംഘനം നടന്നതായി ആക്ഷേപം. കോവിഡ് കാലം പരിഗണിച്ചാണ് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ലഭിച്ചതായും സര്‍വകലാശാലകള്‍ വാദിക്കുന്നു. യുജിസി ചട്ടങ്ങളില്‍ ഓണ്‍ലൈണ്‍ അഭിമുഖത്തെപ്പറ്റി പറയുന്നില്ല. രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാല അടമക്കമുള്ള സ്ഥാപനങ്ങളോട് ഓണ്‍ലൈന്‍ അഭിമുഖം നിര്‍ത്തിവെക്കാന്‍ യുജിസി നിര്‍ദേശിച്ചിട്ടുമുണ്ട്.
അധ്യാപക നിയമന പ്രക്രിയ നടക്കുന്നതിനിടെ കൊവിഡ് വന്നതോടെയാണ് ഓണ്‍ലൈന്‍ അഭിമുഖത്തിലേക്ക് സര്‍വകലാശാലകള്‍ തിരിഞ്ഞത്. എം.ജി സര്‍വകലാശാലയില്‍ 42 ഉം കണ്ണൂരില്‍ 6 ഉം നിയമനങ്ങള്‍ നടന്നത് ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയായിരുന്നു. മറ്റു സര്‍വകലാശാലകളും ഓണ്‍ലൈന്‍ അഭിമുഖത്തിനായി തയാറെടുക്കുകയാണ്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരത്തോടെയാണ് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയതെന്നാണ് സര്‍വകലാശാലകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ അഭിമുഖം യുജിസി അഭിമുഖ ചട്ടങ്ങളിലില്ലാത്തതാണ്. അത് സംബന്ധിച്ച ചര്‍ച്ചകള്‍ യുജിസി നടത്തികൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയോടെ നിയമനം നിര്‍ത്തിവയ്ക്കാന്‍ യുജിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഓണ്‍ലൈന്‍ അഭിമുഖം സംബന്ധിച്ച മാര്‍ഗനിര്‍ദേശം യുജിസിയോ ഉന്നതവിദ്യാഭ്യാസ വകുപ്പോ പുറത്തിറക്കിയിട്ടുമില്ല. ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളതാണ് ഓണ്‍ലൈന്‍ അഭിമുഖമെന്ന പ്രശ്നവും ഉയരുന്നുണ്ട്. ആര്‍.എസ് ശശികുമാര്‍, സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി വിവിധ സര്‍വകലാശാലകളില്‍ 380 നിയമനങ്ങളാണ് നടക്കാനുള്ളത്. ഓണ്‍ലൈന്‍ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ വിസി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.



