ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനതാരമായിട്ടായിരുന്നു നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള മടക്കം. 87.59 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ മറ്റ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. എന്നാല്‍ ഒളിമ്പിക്സില്‍ തന്റെ ആദ്യ ശ്രമത്തിനിടെ വളരെ തിടുക്കപ്പെട്ടായിരുന്നു നീരജ് ജാവലിന്‍ പായിച്ചത്.

ഇതിനു കാരണം ആദ്യ ശ്രമത്തിനു തൊട്ടു മുമ്ബ് തന്റെ ജാവലിന്‍ കാണാതെ പോയെന്നും അത് ഒടുവില്‍ പാകിസ്ഥാന്റെ അര്‍ഷദ് നദീമിന്റെ പക്കല്‍ നിന്നും ലഭിച്ചെന്നും നീരജ് ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു. “ഫൈനല്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ്‌ ഞാന്‍ എന്റെ ജാവലിന്‍ തിരയുകയായിരുന്നു. എനിക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. പെട്ടെന്നാണ് അര്‍ഷദ് നദീമിന്റെ കൈയില്‍ എന്റെ ജാവലിന്‍ ഇരിക്കുന്നത് കണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഭായ് ഈ ജാവലിന്‍ തരൂ, അത് എന്റെതാണ്, എനിക്ക് അത് എറിയണം. അദ്ദേഹം അത് എനിക്ക് തിരികെ തന്നു. അതുകൊണ്ടാണ് എന്റെ ആദ്യ ശ്രമം തിടുക്കത്തില്‍ എടുത്തത്,” നീരജ് പറഞ്ഞു.

നീരജിന്റെ ഈ വെളിപ്പെടുത്തലിനു ശേഷം സാമൂഹിക മാദ്ധ്യമങ്ങളില്‍ നീരജ് അ‌ര്‍ഷദിന്റെ കൈയില്‍ നിന്നും ജാവലിന്‍ തിരികെ വാങ്ങുന്നതിന്റെ ദ്യശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നീരജിന്റെ ജാവലിനില്‍ എന്തോ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയായിരുന്നു പാകിസ്ഥാന്‍ താരം ആ ജാവലിന്‍ എടുത്തതെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. എന്നാല്‍ ഈ ആരോപണത്തിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.