വാഷിങ്ടൺ: അമേരിക്കയിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾ പെട്ടെന്നൊരു കൂട്ടപ്പിരിച്ചുവിടൽ നേരിട്ടാൽ എന്ത് ചെയ്യും? അമേരിക്കൻ മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയായ ഒറാക്കിൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ലോകത്താകമാനമുള്ള 30000 ജീവനക്കാരെ പിരിച്ചുവിട്ടതോടെ ആണ് ഇത്തരമൊരു ചോദ്യത്തിന് പ്രസക്തിയേറുന്നത്.

മാർച്ച് 31ന് പുലർച്ചെ ആറുമണിക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെ ആയിരുന്നു ഒറാക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ‘ഇന്ന് അവസാന വർക്കിങ് ഡേ’ എന്നായിരുന്നു ജീവനക്കാർക്കുള്ള ഇമെയിൽ സന്ദേശം. ജോലി നഷ്ടപ്പെട്ടവരിൽ എച്ച്-1ബി വിസ ഉടമകളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

ഇത്തരമൊരു സാഹചര്യം എച്ച്-1ബി വിസ ഉടമകൾ നേരിട്ടാൽ നിയമപരമായി അമേരിക്കയിൽ തുടരാനായി ചെയ്യേണ്ട കാര്യങ്ങൾ ഇമിഗ്രേഷൻ അഭിഭാഷകയായ ഗബ്രിയേല ഉരിസാർ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകയെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

  • തൊഴിൽ നഷ്ടപ്പെടുന്ന ഒരു എച്ച്-1ബി വിസ ഉടമയ്ക്ക് സാധാരണയായി 60 ദിവസത്തെ ഗ്രേസ് പിരീഡ് ലഭ്യമാണ്. ജോലി പോയ തീയതി മുതൽ തുടങ്ങുന്ന ഈ കാലാവധിക്കുള്ളിൽ പുതിയൊരു ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ വിസ വിഭാഗം മാറ്റുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ 60 ദിവസത്തെ കാലാവധി ഒരു ഉറപ്പുള്ള അവകാശമല്ല, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാ‍‍ർട്ട്മെൻ്റിന് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ഇത് ചുരുക്കാനോ ഒഴിവാക്കാനോ കഴിയും. അതിനാൽ സമയം പാഴാക്കാതെയുള്ള നീക്കങ്ങളാണ് ഇത്തരം പ്രതിസന്ധികളിൽ ആവശ്യം.
  • ആദ്യം ചെയ്യേണ്ടത് സിബിപി വെബ്‌സൈറ്റിൽ പ്രവേശിച്ചു ഐ-94 (I-94) ഫോം പരിശോധിക്കുക. വിസ പ്രകാരം ഒരാൾക്ക് അമേരിക്കയിൽ എത്രകാലം നിയമപരമായി തുടരാം എന്ന് നിശ്ചയിക്കുന്നത് ഇതിലെ തീയതിയാണ്. ഈ തീയതി 60 ദിവസത്തിൽ കുറവാണെങ്കിൽ ഗ്രേസ് പിരീഡ് നേരത്തെ അവസാനിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
  • ജോലി നഷ്ടപ്പെട്ടവർ മറ്റൊരു തൊഴിലുടമയെ കണ്ടെത്തി എച്ച്-1ബി വിസ അവർക്ക് കീഴിലേക്ക് മാറ്റുക. പുതിയ തൊഴിലുടമ ഐ-129 (I-129) ഫോം ഫയൽ ചെയ്താൽ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഇതിനായി വിസ പൂർണമായും അംഗീകരിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല.
  • 60 ദിവസത്തിനുള്ളിൽ അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് ഒഴിവാക്കാൻ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി അപേക്ഷിക്കാം. താൽക്കാലികമായി സ്റ്റുഡന്റ് വിസയിലേക്കോ വിസിറ്റർ വിസയിലേക്കോ മാറുന്നത് കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും.
  • ഗ്രീൻ കാർഡ് പ്രക്രിയ പുരോഗമിക്കുന്നവരാണെങ്കിൽ സ്റ്റാറ്റസ് അഡ്ജസ്റ്റ്‌മെന്റ് സാധ്യതകളും പരിശോധിക്കേണ്ടതാണ്.
  • ഗ്രേസ് പിരീഡ് സമയത്ത് രാജ്യാന്തര യാത്രകൾ ഒഴിവാക്കണം. ഒരിക്കൽ അമേരിക്ക വിട്ടുപോയാൽ ഗ്രേസ് പിരീഡ് അവസാനിക്കുകയും പിന്നീട് വിസ നടപടികൾ പൂർത്തിയാക്കാതെ മടങ്ങിവരാൻ കഴിയാതെ വരികയും ചെയ്യും.