ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ പണം തട്ടിയെടുത്ത് മുങ്ങുന്ന വിവാഹ തട്ടിപ്പ് സംഘങ്ങളുടെ വാര്‍ത്തകള്‍ വരുന്നത് പതിവാണ്. ഈ പരമ്ബരയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിവസം വധുവിനേയും സംഘത്തേയും കാണാതായതോടെ പൊലീസ് സ്റ്റേഷനിലെത്തിയ വരനെ സ്വീകരിച്ചത് സമാന പരാതിയുമായി എത്തിയ നാല് വരന്മാരാണ്.
മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ തട്ടിപ്പിന് ഇരയാകുന്നത്. വധുവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമങ്ങളിലെ യുവാക്കളാണ് സംഘത്തിന്റെ ഇരകളാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍, ഹര്‍ദ ജില്ലയിലെ യുവാവാണ് വിവാഹ ദിവസം വധുവിനേയും സംഘത്തേയും കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിവാഹവേദിയില്‍ എത്തിയതിന് ശേഷമാണ് വധുവും സംഘവും സ്ഥലത്ത് എത്തിയില്ലെന്ന് വരനും വീട്ടുകാരും മനസ്സിലാകുന്നത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
എന്നാല്‍, സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വരനേയും സംഘത്തേയും കാത്തിരുന്നത് അതേ ദിവസം വിവാഹം നിശ്ചയിച്ച നാല് യുവാക്കളാണ്. ഹര്‍ദ ജില്ലയിലെ വരന്റെ അതേ പരാതിയുമായാണ് മറ്റ് നാല് പേരും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിവാഹം നിശ്ചയിച്ച ദിവസം വരനും കൂട്ടരും വേദിയില്‍ എത്തുമ്ബോഴാണ് വധുവിനേയും സംഘത്തേയും കാണാനില്ലെന്ന വിവരം അറിയുന്നത്. ഫോണില്‍ വിളിച്ചാല്‍ സ്വിച്ച് ഓഫ് ആയിരിക്കും.
അഞ്ച് യുവാക്കള്‍ സമാന പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്, വ്യാഴാഴ്ച്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അന്നേ ദിവസം വിവാഹം നിശ്ചയിച്ച വേദിയില്‍ എത്തിയപ്പോള്‍ പൂട്ടിയിരിക്കുന്ന നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയേയും വീട്ടുകാരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
–
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു യുവതിയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തെ കൊലാര്‍ റോഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി കൊലാര്‍ പൊലീസ് പറയുന്നു.
–
ഫോണ്‍ നമ്ബറില്‍ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്. വധുവിനെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഗ്രാമങ്ങളിലെ ചെറുപ്പക്കാരാണ് സംഘത്തിന്റെ ഇരകളാകുന്നത്. വിവാഹ ദല്ലാളെന്ന വ്യാജേന യുവാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയിക്കും. തുടര്‍ന്ന് ഭോപ്പാലില്‍ എത്താന്‍ ആവശ്യപ്പെടും. ഇവിടെ വെച്ച് സംഘത്തിലുളള യുവതിയെ വധുവായി കാണിക്കും. യുവാവിന് പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ 20,000 രൂപ സംഘം വാങ്ങും.
ഉത്തര്‍പ്രദേശില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍, വിവാഹം കഴിഞ്ഞ് അഞ്ച് മണിക്കൂറിനുള്ളില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുപിയിലെ ഷാജഹാന‍്പൂരിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വരന്റെ വീട്ടിലെത്തി മണിക്കൂറുകള്‍ക്കകമാണ് വധുവിനെ കാണാതായത്.



