ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ നായികയായെത്തുന്നു. ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ‘ഇരുപത്തൊന്നുകാരി’യുടെ വേഷത്തിലാണ് പ്രിയ പ്രകാശ് വാര്യര്‍ എത്തുന്നത്. അനൂപ് മേനോന് നായക വേഷത്തില്‍ ‘നാല്പതുകാരനായി’ വേഷമിടും. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് അനൂപ് മേനോന് തന്നെയാണ്. അനൂപ് മേനോന്, വി.കെ. പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായാണ് ഒരു സിനിമയുടെ നിര്‍മ്മാണ പങ്കാളിയാകുന്നത്.
നായകനായി അനൂപ് മേനോന് എത്തുന്ന കിംഗ്ഫിഷ് തിയേറ്ററില്‍ പുറത്തിറങ്ങിയിരുന്നില്ല. കോവിഡ് പ്രതിസന്ധിയാണ് ചിത്രം പുറത്തിറങ്ങാത്തതിന്റെ പ്രധാന കാരണം. ചിത്രത്തില്‍ പ്രധാനപ്പെട്ട മറ്റൊരു വേഷം അവതരിപ്പിക്കുന്നത് സംവിധായകന് രഞ്ജിത്താണ്.



