ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സി പി എം തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ രംഗത്ത്. ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തുവെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിക്കെതിരെയും എംഎൽഎക്കെതിരെയും തുറന്നടിച്ചത്.

ഫണ്ട് ശേഖരണമല്ല വിഷയമെന്നും മറിച്ച് ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രധാന പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധൻരാജ് രക്തസാക്ഷി ഫണ്ടിനായി ആകെ ഒരു കോടി രൂപയാണ് പിരിച്ചത്. ഇതിൽ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം. ധൻരാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11-നാണ്. ഈ വർഷം തന്നെ ഫണ്ട് പിരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു.

പാർട്ടി പ്രവർത്തനത്തിൻ്റെ ഭാ​ഗമായി ഒരാൾ കൊല ചെയ്യപ്പെടുമ്പോൾ ആ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്നായിരുന്നു പാർട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയിൽ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. ധൻരാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിനും കേസ് നടത്തുന്നതിനുമായാണ് ഫണ്ട് വിനിയോഗിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിൽ വൻ ക്രമക്കേട് നടന്നതായാണ് ഓഡിറ്റിംഗിൽ വ്യക്തമായതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു.

View Post↗

2017 ഡിസംബർ 8, 9 തിയ്യതികളിൽ നടന്ന ഏരിയാ സമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചിരുന്നു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമ്മാണം ഉൾപ്പെടെ നടന്നെങ്കിലും 2021 വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ലെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. 2020-ലാണ് താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021-ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021-ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്.

നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെയായിരുന്നു ഏൽപ്പിച്ചിരുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതിൽ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധൻരാജ് ഫണ്ട് താൻ പരിശോധിക്കുന്നത്. 2017-ലെ വരവിൽ 10 ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്. വീട് നിർമ്മാണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി.