മസ്​കത്ത്​: ഉയരുന്ന കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ഒമാനില്‍ വീണ്ടും രാത്രി പൂര്‍ണമായ സഞ്ചാരവിലക്ക്​ ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്​ടോബര്‍ 11 മുതല്‍ ഒക്​ടോബര്‍ 24 വരെയാണ്​ സഞ്ചാരവിലക്ക്​ നിലവിലുണ്ടാവുക. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക്​ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകില്ല. വ്യാപാര സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന്​ ഒമാന്‍ ടെലിവിഷന്‍ പ്രസ്​താവനയില്‍ അറിയിച്ചു.

ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്​. ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്​. ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലി​െന്‍റ അടിസ്​ഥാനത്തിലാണ്​ നടപടി.

ജനങ്ങള്‍ പ്രത്യേകിച്ച്‌​ യുവാക്കള്‍ കോവിഡ്​ പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണം. നിയമ ലംഘകര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.