മസ്കത്ത്: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഒഴിവാക്കി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റ്റന്റ്, എക്സ്റേ ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് തുടങ്ങി മെഡിക്കല്‍, മെഡിക്കല്‍ അസിസ്റ്റന്‍സ് തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒമാനിലെത്തിയാല്‍ താമസസ്ഥലത്ത് ക്വാറന്റീന് ചെയ്താല്‍ മതി. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു.
ഒമാനിലെത്തുന്ന മറ്റ് വിദേശികള്‍ക്കെല്ലാം ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. മറ്റ് നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട് മണിക്കൂറില്‍ കൂടുതല്‍ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂറുള്ള പി.സി.ആര് പരിശോധനാ സര്‍ട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂര്‍ മുമ്ബുമുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.
വിമാനത്താവളത്തില്‍ പി.സി.ആര് പരിശോധനക്ക് വിധേയമാകണം. ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആര് നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന് അവസാനിപ്പിക്കാം.



