വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വ്യാപകമായ വിമർശനം. ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 62 സെക്കൻഡുള്ള വിഡിയോയിൽ, ട്രംപിനെതിരെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ വോട്ട് എണ്ണുന്ന കമ്പനിയായ ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ് സഹായിച്ചു എന്നും ആരോപിക്കുന്നു.

രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്റിനെയും പ്രഥമ വനിതയെയും വംശീയമായി അധിക്ഷേപിച്ചതിനെതിരെ പലരും രംഗത്തെത്തി. പിന്നാലെ, വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന്റെ പിഴവാണു പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഒബാമ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ കടുത്ത വിമർശകനും 2028-ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആകാൻ സാധ്യതയുള്ളയാളുമായ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ഈ പോസ്റ്റിനെ ‘അറപ്പുളവാക്കുന്നത്’ എന്നു വിശേഷിപ്പിക്കുകയും എല്ലാ റിപ്പബ്ലിക്കൻമാരും ഇതിനെ അപലപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ട്രംപ് മോശമായി ഓർമ്മിക്കപ്പെടുമെന്നു പ്രതികരിച്ച ബറാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ റോഡ്‌സ്, ട്രംപിന്റെ അനുയായികളെ വംശീയവാദികൾ എന്നും വിശേഷിപ്പിച്ചു. ഒബാമയെ ഓറഞ്ച് ജംപ്സ്യൂട്ടിൽ ജയിലഴികൾക്ക് പിന്നിൽ കാണിക്കുന്ന എഐ നിർമിത വിഡിയോ കഴിഞ്ഞ വർഷം ട്രംപ് പങ്കുവച്ചിരുന്നു. കൂടാതെ, ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രീസിനെ വ്യാജ മീശയും മെക്സിക്കൻ തൊപ്പിയും ധരിച്ച നിലയിൽ ചിത്രീകരിക്കുന്ന മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.