ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കാന്‍ അനുമതിയുണ്ട്. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ക്കെല്ലാം രാവിലെ 10 മുതല്‍ 8 മണിവരെ തുറക്കാനും അനുമതിയുണ്ട്.
50 ശതമാനം യാത്രക്കാരെ വച്ച് ഡല്‍ഹി മെട്രോയും ഓടിത്തുടങ്ങും. 50 ശതമാനം ആളുകളെ വെച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വര്‍ക്ക് ഫ്രം ഹോം സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊതുമേഖലാ ഓഫീസുകളെ സംബന്ധിച്ചിടത്തോളം കാറ്റഗറി എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ കഴിയും, എന്നാല്‍ അവരുടെ കീഴിലുള്ള എല്ലാ വിഭാഗങ്ങളും 50 ശതമാനം ആളുകളെവെച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതി മെച്ചപ്പെടുമ്ബോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



