അബുദാബി: ഐപിഎല്ലില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മികച്ച ഫോമിലുള്ള മുംബൈ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മറുഭാഗത്ത് രാജസ്ഥാന് തുടര്‍ തോല്‍വികളില്‍ നിന്നും മോചനം ആവശ്യമാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.
ഇന്ന് ജയിച്ചാല്‍ മുംബൈ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കും. ഹിറ്റ്മാന്‍ നല്‍കുന്ന തുടക്കം തന്നെയാണ് മുംബൈയുടെ കരുത്ത്. ക്വിന്റണ്‍ ഡീകോക്കും താളം കണ്ടെത്തി കഴിഞ്ഞു. ഹര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരും മുംബൈ ഇന്നിംഗ്സിന് കരുത്തേകുന്നു. ബൂമ്ര നയിക്കുന്ന ബൗളിംഗ് നിരയിലും കാര്യമായ പ്രശ്‌നങ്ങളില്ല.
എന്നാല്‍, ഇന്ന് തോറ്റാല്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ എന്ന നാണക്കേടാണ് രാജസ്ഥാനെ കാത്തിരിക്കുന്നത്. ഷാര്‍ജയില്‍ മാത്രം ജയിക്കുന്ന ടീം എന്ന പേര് രാജസ്ഥാന്‍ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ജോസ് ബട്‌ലര്‍ ഫോമിലേയ്ക്ക് ഉയരാത്തത് തന്നെയാണ് രാജസ്ഥാന് തലവേദനയാകുന്നത്. മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ടീമില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടില്ല.



