മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായിരുന്ന ഐ.വി. ശശിയുടെ സ്മരണാര്‍ത്ഥം ഓരോ വര്‍ഷവും, മലയാള സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധാന പ്രതിഭക്കായി ഐ.വി. ശശി അവാര്‍ഡ് ഏര്‍പ്പെടുത്താ൯ ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിരിക്കുന്നു. ഐ.വി. ശശിയുടെ ശിഷ്യന്‍മാരും, മലയാള സിനിമയിലെ മുന്‍നിര സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ കാര്യാല്‍ എന്നിവരായിരിക്കും പുരസ്ക്കാര നിര്‍ണ്ണയത്തിന്റെ മുഖ്യ രക്ഷാധികാരികള്‍.

തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി.ബി.കെ. മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയായിരിക്കും അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക. 50,000 രൂപയും, പ്രശസ്ത കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പവും അവാര്‍ഡ് ജോതാവിന് പാരിതോഷികമായി നല്‍കുന്നതാണ്. ഐ.വി. ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24നായിരിക്കും അവാര്‍ഡ് പ്രഖ്യാപനം. മഞ്ജു വാര്യരും, മറ്റ് താരങ്ങളും പങ്കെടുക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച്‌ ഐ.വി. ശശിയുടെ പത്നിയും, അഭിനേത്രിയുമായ സീമയെ പൊന്നാട ചാര്‍ത്തി ആദരിക്കുന്നതാണ്.

ഇതോടൊപ്പം, സിനിമാ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബര്‍ മാസം ഐ.വി. ശശി ഇന്റര്‍നാഷണല്‍ ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാനും ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിരിക്കുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയര്‍മാനും, സംവിധായകരായ മധുപാല്‍, അന്‍വര്‍ റഷീദ്, വിധു വിന്‍സെന്റ്, മിഥുന്‍ മാനുവല്‍ തോമസ്, മധു സി. നാരായണന്‍ എന്നിവര്‍ ജൂറി അംഗങ്ങളുമാവുന്ന പാനലായിരിക്കും ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധികര്‍ത്താക്കള്‍.

30 മിനിട്ടില്‍ താഴെ സമയ ദൈര്‍ഘ്യവും, ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടിയതുമായ ഏത് ഭാഷയിലൊരുക്കിയ ഹ്രസ്വ ചിത്രങ്ങളും ഫെസ്റ്റിവലിലേക്ക് സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി ചിത്രങ്ങള്‍ക്കും, ക്യാമ്ബസ്സ് ചിത്രങ്ങള്‍ക്കുമായി മേളയില്‍ പ്രത്യേക വിഭാഗമുണ്ടായിരിക്കുന്നതാണ്. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2020 സെപ്റ്റംമ്ബര്‍ 28-ന് മുന്‍പായി ചിത്രങ്ങള്‍ www.firstclapfilm.com എന്ന ഫസ്റ്റ് ക്ലാപ്പിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മികച്ച ഷോട്ട് ഫിലിമിന് 50,000 രൂപയും, മികച്ച സംവിധായകന് 25,000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന് 25,000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന്റെ സംവിധായകനും, മികച്ച ക്യാമ്ബസ് ചിത്രത്തിനും, മികച്ച ക്യാമ്ബസ് ചിത്ര സംവിധായകനും, മേളയിലെ മികച്ച തിരക്കഥക്കും, മികച്ച നടീനട൯മാര്‍ക്കും 10,000 രൂപ വീതവും പാരിതോഷികം നല്‍കുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക്, എറണാകുളത്ത് വച്ച്‌ പുരസ്ക്കാരദാന ചടങ്ങു നടത്താനാണ് പ്ലാന്‍.