ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനു ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ ഒന്നും ഡൽഹി നിരയിൽ രണ്ട് മാറ്റങ്ങളും ഉണ്ട്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റൺസ് വഴങ്ങിയ വിൻഡീസ് പേസർ ലുങ്കിസാനി എങ്കിഡിക്ക് പകരം ഓസീസ് പേസർ ജോസ് ഹേസൽവുഡ് ചെന്നൈ ടീമിൽ കളിക്കും. ഡൽഹിയിലാവട്ടെ, പരുക്കേറ്റ ആർ അശ്വിനു പകരം അമിത് മിശ്രയും മോഹിത് ശർമ്മയ്ക്ക് പകരം അവേഷ് ഖാനും ടീമിലെത്തി.

 

സീസണിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് 39 വയസ്സാണ് പ്രായം. അതേസമയം ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ആവട്ടെ ധോണിയെക്കാൾ 14 വയസ്സ് ചെറുപ്പമാണ്. 25 വയസ്സാണ് ശ്രേയാസ് അയ്യരിനുള്ളത്. ആകെ ടീമിൻ്റെ ശരാശരി വയസ് പരിഗണിച്ചാലും ശ്രേയാസിൻ്റെ ഡൽഹിയാണ് ചെറുപ്പം. 26.91 ആണ് ഡൽഹിയുടെ ശരാശരി പ്രായം. 30.5 ശരാശരി വയസ്സുള്ള ചെന്നൈ സീസണിൽ തന്നെ ഏറ്റവും പ്രായം കൂടിയ ടീമാണ്.

 

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് ഏറ്റ പരാജയം ചെന്നൈക്ക് സമ്മർദ്ദം ഉണ്ടാക്കും. ഡൽഹിക്കെതിരെ വിജയവഴിയിൽ തിരിച്ചെത്താനാവും ചെന്നൈയുടെ ശ്രമം. അതേസമയം, ആദ്യ മത്സരത്തിൽ കളിയുടെ ഭൂരിഭാഗം മേഖലകളിലും പിന്നാക്കം പോയിട്ടും കരുത്തരായ കിംഗ്സ് ഇലവനെതിരെ വിജയിക്കാൻ കഴിഞ്ഞത് ഡൽഹിക്ക് കരുത്താവും.