ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. കൊൽക്കത്ത നിരയിൽ മലയാളി പേസർ സന്ദീപ് വാര്യർ കളിക്കും. ആദ്യ മത്സരത്തിൽ പരജയപ്പെട്ട മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.
മുംബൈ നിരയിൽ മാറ്റങ്ങളില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് നിലവിലെ ചാമ്പ്യന്മാർ ഇറക്കിയിരിക്കുന്നത്. മാച്ച് ഫിറ്റായ നതാൻ കോൾട്ടർനൈൽ ജെയിംസ് പാറ്റിൻസണു പകരം ടീമിലെത്തുമെന്ന് കരുതിയിരുന്നു എങ്കിലും ആദ്യ കളിയിലെ അതേ ഇലവനിൽ മാനേജ്മെൻ്റ് ഉറച്ചു നിൽക്കുകയായിരുന്നു.
കൊൽക്കത്തയും പ്രതീക്ഷിച്ച ടീമിനെ തന്നെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. സുനിൽ നരേൻ, ഓയിൻ മോർഗൻ, ആന്ദ്രേ റസൽ, പാറ്റ് കമ്മിൻസ് എന്നിവരാണ് കൊൽക്കത്തയ്ക്കായി കളത്തിലിറങ്ങുന്ന വിദേശികൾ. ശിവം മവി, നിഖിൽ നായ്ക്, നിതീഷ് റാണ തുടങ്ങിയവരും കളിക്കും. റാണ, കാർത്തിക്, മോർഗൻ എന്നിവർ ഉൾപ്പെടുന്ന കൊൽക്കത്ത മധ്യനിര ശക്തമാണ്.