ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ ഉദ്ഘാടന മത്സരം കണ്ടത് 20 കോടിയിലധികം ആളുകളെന്ന് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏത് സ്പോർട്ടിംഗ് ലീഗ് പരിഗണിച്ചാലും ആദ്യ ദിവസത്തെ കാഴ്ചക്കാരിലെ റെക്കോർഡാണ് ഈ കണക്കെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“ഐപിഎൽ ഉദ്ഘാടന മത്സരം പുതിയ ഒരു റെക്കോർഡ് സ്ഥാപിച്ചു. ബാർക്ക് റിപ്പോർട്ട് പ്രകാരം 20 കോടി ആളുകൾ കളി കണ്ടു. ലോകത്തിലെ ഏത് സ്പോർട്ടിംഗ് ലീഗ് പരിഗണിച്ചാലും ആദ്യ ദിവസത്തെ കാഴ്ചക്കാരിലെ റെക്കോർഡാണ് ഈ കണക്ക്.”- ജയ് ഷാ കുറിച്ചു. ടെലിവിഷനും മറ്റ് സ്ട്രീമിങ് സേവനങ്ങളും ഉൾപ്പെടെയുള്ള കണക്കാണിത്.
ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് 13ആം സീസണ് അരങ്ങുണർന്നത്. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചു. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഇതോടെ 2012നു ശേഷം ഒരിക്കൽ പോലും ഉദ്ഘാടന മത്സരത്തിൽ വിജയിച്ചിട്ടില്ലെന്ന റെക്കോർഡ് മുംബൈ കാത്തുസൂക്ഷിച്ചു. 71 റൺസെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. റൺസെടുത്ത ഫാഫ് ഡുപ്ലെസിസും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.