ഐപിഎല്ലില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് ജയം. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 202 റണ്‍സ് വീതമടിച്ച്‌ ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് റണ്‍സ് മാത്രം നേടിയപ്പോള്‍ ബാംഗ്ലൂര്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി.

സൂപ്പര്‍ ഓവറില്‍ എട്ട് റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആര്‍സിബി ബുംറയുടെ ബൗളിംഗാണ് നേരിട്ടത്. ആദ്യ രണ്ടു പന്തില്‍ കോഹ്ലിയും ഡിവില്ലേഴ്സും സിംഗിള്‍ എടുത്തു. മൂന്നാമത്തെ പന്തില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നാലാമക്കെ പന്തില്‍ ഡിവില്ലേഴ്സ് ബൗണ്ടറി നേടിയതോടെ ബാഗ്ലൂറിന്റെ സ്കോര്‍ ബോര്‍ഡ് ആറ് റണ്‍സിലെത്തി. അഞ്ചാമത്തെ പന്തില്‍ ഡിവില്ലേഴ്സിന്റെ സിംഗിളോടെ ബംഗലൂരുവിന്റെ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സ്, അവസാന പന്തില്‍ കോഹ്ലിയുടെ ഷോട്ട് ബൗണ്ടറി കടന്നതോടെ സ്കോര്‍ 11 റണ്‍സിലെത്തിച്ച്‌ ബംഗലൂരു ജയം സ്വന്തമാക്കുകയായിരുന്നു.

പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പോരാട്ടം ഏറ്റെടുത്തത്. 58 പന്തില്‍ 99 റണ്‍സടിച്ച കിഷനും 24 പന്തില്‍ 60 റണ്‍സടിച്ച പൊള്ളാര്‍ഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ മുംബൈ അവിശ്വസനീയ ജയത്തിന്‍റെ പടിവാതിലില്‍ എത്തിച്ചു. ഉദാന എറിഞ്ഞ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്.

ആദ്യ രണ്ട് പന്തില്‍ സിംഗളുകള്‍ മാത്രമാണ് കിഷനും പൊള്ളാര്‍ഡിനും നേടാനായത്. എന്നാല്‍ മൂന്നും നാലും പന്തുകള്‍ സിക്സിന് പറത്തി കിഷന്‍ അഞ്ചാം പന്തില്‍ പുറത്തായി. അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നെങ്കിലും ബൗണ്ടറി നേടാനെ പൊള്ളാര്‍ഡിനായുള്ളു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.