കാസര്‍ഗോഡ്: കൊവിഡ് ബാധിച്ച്‌ ജില്ലയില്‍ 7 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഇന്ന് രണ്ടു പേര്‍ മരിച്ചു . ഉപ്പള ബായാര്‍ കയര്‍ക്കട്ടയിലെ അബ്ദുല്‍ റഹ്മാന്റെയും മുംതാസിന്റെയും മകളായ റിസായാണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മാതാവും കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുണ്ട്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമ്ബര്‍ക്കത്തില്‍ കൊവിഡ് ബാധിച്ച കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനന്‍ (71) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹനന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വച്ച്‌ സ്രവം പരിശോധിച്ചപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേദന അസഹ്യമായതോടെ പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കാരം നടത്തും.

സുബ്ബ പൂജാരി-പൂവത്ത ദമ്ബതികളുടെ മകനാണ്. ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്‍: ഉപേന്ദ്രന്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം 23 ആയി .