കൊച്ചി: വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കകം അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്താനിരിക്കെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. വരുന്ന എട്ടുദിവസത്തിനകം കൊച്ചി,തിരുവനന്തപുരം , കോഴിക്കോട് വിമാനത്താവളങ്ങള്‍ മുഖാന്തിരമാണ് ഗള്‍ഫ് നാടുകളുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ എത്തുന്നത്. വന്ദേഭാരത് ദൗത്യം തുടങ്ങിയശേഷം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസികളില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വരുംദിവസങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
പ്രവാസികള്‍ വീണ്ടും കൊച്ചിയിലേക്ക് പ്രവഹിക്കുകയാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കൊച്ചിയില്‍ എത്തുന്നത് നാളെയാണ്. അഞ്ച് ചാര്‍ട്ടേഡ് അന്താരാഷ്ട്ര വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനത്തിന്റെയും വരവ് സ്ഥിരീകരിച്ചതോടെ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് 1500 യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും സിയാല്‍ പൂര്‍ത്തിയാക്കി.
കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈ ആഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ലണ്ടനില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് ചാര്‍ട്ടേഡ് വിമാനം ബുധനാഴ്ച 01.45ന് ദോഹ വഴി കൊച്ചിയിലെത്തും. 280 യാത്രക്കാര്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഈ വിമാനത്തില്‍ എത്തും. ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ സ്‌പെഷ്യല്‍ ഫ്ലൈറ്റ് 180 യാത്രക്കാരുമായി ഉച്ചയ്ക്ക് ശേഷം മൂന്നിന് എത്തും. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ 350 യാത്രക്കാരാണ് വൈകിട്ട് 5ന് എത്തുന്നത്. ജിദ്ദയില്‍ നിന്ന് 350 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം വൈകിട്ട് 6.50നും 162 യാത്രക്കാരുമായി ഗള്‍ഫ് എയര്‍ വിമാനം രാത്രി 8.50നും എത്തും.
സലാലയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വന്ദേഭാരത് വിമാനം 177 യാത്രക്കാരുമായി 7.45ന് ലാന്‍ഡ് ചെയ്യുമെന്ന് സിയാല്‍ അറിയിച്ചു. തിങ്കളാഴ്ച 1381 യാത്രക്കാര്‍ എത്തിച്ചേരുകയും 1061 യാത്രക്കാര്‍ പുറപ്പെടുകയും ചെയ്തതോടെ ആഭ്യന്തര വിമാനഗതാഗതവും തിരക്കേറി. വരും ദിവസങ്ങളിലും കൂടുതല്‍ ആഭ്യന്തരയാത്രക്കാര്‍ കൊച്ചിയിലെത്തും.
ചൊവ്വാഴ്ചമുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങളെത്തും. സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വീസുകളുമുണ്ട്. സിഡ്‌നിയില്‍ നിന്ന് ഡല്‍ഹിവഴിയുള്ള വിമാനം 23ന് കൊച്ചിയില്‍ എത്തും. 29നാണ് രണ്ടാം വിയറ്റ്‌നാം സര്‍വീസ്. മാര്‍ട്ടയില്‍ നിന്ന് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും 16നുശേഷമേ ഉണ്ടാകൂ.