വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ കാരണം മുംബൈയിലെ ഏകദേശം 20% ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതുവരെ അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (AHAR) ചൊവ്വാഴ്ച അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിലെ 50% വരെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഓരോ സ്ഥാപനങ്ങളുടെയും കൈവശമുള്ള എൽ.പി.ജി സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും ഇനി എത്ര റെസ്റ്റോറന്റുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. എന്നിരുന്നാലും, ഹോട്ടലുകൾ കൂട്ടായി അടച്ചുപൂട്ടാൻ അസോസിയേഷൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. റസ്റ്റോറന്റുകൾ തുറന്നിടാനോ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാനോ ഉള്ള തീരുമാനം വ്യക്തിഗത ഹോട്ടൽ ഉടമകളെയും അവരുടെ സ്ഥാപനങ്ങളിലെ ഗ്യാസ് വിതരണത്തിന്റെ ലഭ്യതയെയും ആശ്രയിച്ചിരിക്കും.



