തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രസിദ്ധീകരിക്കും. എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ജൂണ്‍ 30 നും , പ്ലസ്ടു പരീക്ഷ ഫലം ജൂലൈ 10 നുമാണ് പ്രസിദ്ധീകരിക്കുക. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഈ ആഴ്ച പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഫലങ്ങള്‍ വരുന്ന തിയതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷകളുടെ ഫലം വന്നതിന് ശേഷം ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങള്‍ക്കായുള്ള നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്‌സ്‌പോട്ട്, നിയന്ത്രണ മേഖകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ക്ക് ക്യാമ്ബുകളില്‍ എത്താന്‍ സാധിക്കാത്തത് മൂല്യനിര്‍ണ്ണയത്തിന് തടസ്സം ആയെങ്കിലും പകരം സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നുണ്ട്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് എസ്‌എല്‍എസി, പ്ലസ്ടു പരീക്ഷകള്‍ നടത്തിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. തുടര്‍ന്ന് 30 ഓടെ പരീക്ഷകള്‍ പൂര്‍ത്തിയായി. മെയ് 30 ന് ശേഷമാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ആരംഭിച്ചത്.