കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനര്‍ നിര്‍ണയിച്ചു. 8848.86 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. നേപ്പാളും ചൈനയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ ഇരുരാജ്യങ്ങളും ഒരുമിച്ചാണ് പൂര്‍ത്തിയാക്കിയത്.
നേപ്പാളിലെ ഉദ്യോഗസ്ഥരും ചൈനയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത വെര്‍ച്വല്‍ സമ്മേളനത്തില്‍ വെച്ചാണ് എവറസ്റ്റിന്റെ ഉയരം പ്രഖ്യാപിച്ചത്. നേപ്പാള്‍ വിദേശ കാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലിയും ചൈനീസ് വക്താവ് വാങ് യീയും സമ്മേളനത്തില്‍ പങ്കെടുത്തു. നേപ്പാളില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ടീമുകള്‍ സംയുക്തമായാണ് കൊടുമുടിയുടെ ഉയരം അളന്നത്.
2019 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് നേപ്പാള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് എവറസ്റ്റിന്റെ ഉയരം കണക്കാക്കാന്‍ ധാരണയായത്.
1954 ല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്ററായിരുന്നു എവറസ്റ്റിന്റെ ഉയരം. ഇതുവരെ അംഗീകരിക്കപ്പെട്ടിരുന്ന ഉയരം ഇതായിരുന്നു. എന്നാല്‍ ഉയരത്തില്‍ 86 സെന്റീമീറ്ററിന്റെ വര്‍ധനവാണ് ചൈനയും നേപ്പാളും കണ്ടെത്തിയിരിക്കുന്നത്. 2015 ലെ ഭൂകമ്പം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എവറസ്റ്റിന്റെ പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചത്.