സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്ന് താന്‍ തീരുമാനിച്ചതായി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. രണ്ടുവര്‍ഷം മുമ്ബ് നടന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ സദസില്‍നിന്നുയര്‍ന്ന ചോദ്യത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ മറുപടി അടുത്തിടെ പ്രചരിച്ച വീഡിയോ ക്ലിപ്പിലൂടെ വിവാദമായിരുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്:

പൊതുജനാഭിപ്രായം മാനിച്ച്‌,

മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്‍മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല.(പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ)

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാതൃഭൂമി സാഹിത്യോത്സവത്തില്‍ ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത് “കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു. “സൗകര്യമില്ല,” എന്നായിരുന്നു ഇതിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ മറുപടി.

“എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല.” എന്നും ചുള്ളിക്കാട് പറഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടന്നിരുന്നു.