Dr രഞ്ജിത് പിള്ളൈ
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഒരു ടെയിനിന്റെ രണ്ടാം ക്ലാസ് സ്ലീപ്പർ കംപാർട്ട്മെന്റിൽ കയറിയ യാത്രക്കാർ ഒരു കാഴ്ച കണ്ട് കണ്ണുകളെ വിശ്വസിക്കാനാവാതെ ഒന്ന് ഞെട്ടി. താഴത്തെ ബെർത്തിൽ തലയ്ക്ക് കയ്യും കൊടുത്ത് ഒന്നുമറിയാതെ ഒരാൾ ഉറങ്ങുന്നു. ഏതാനും നാളുകൾക്ക് മുൻപ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കേരള രാഷ്ട്രീയത്തിലെ അതികായൻ സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ് സാധാരണക്കാർക്കൊപ്പം ട്രെയിനിൽ കിടന്നുറങ്ങി സഞ്ചരിക്കുന്നത്. വണ്ടി സ്റ്റേഷനിലെത്തിയപ്പോൾ അവിശ്വസനീയതയോടെ തന്നെ നോക്കി നിന്നവരെ അഭിവാദ്യം ചെയ്ത്, കുശലം പറഞ്ഞ് ഉമ്മൻ ചാണ്ടി വീണ്ടും കർമ്മ വീഥിയിലേക്ക് ഇറങ്ങി. ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ എത്ര രാഷ്ട്രീയകാർക്ക് ഇങ്ങനെ ഭയലേശമില്ലാത്ത ജീവിതം നയിക്കാനാകും ! സഞ്ചിയിൽ വെടിയുണ്ടയുമിട്ട് പൊതുജന സേവനത്തിന് പുറപ്പെട്ടിരിക്കുന്ന വിപ്ലവാദർശശാലികൾ കേരളം ഭരിക്കുന്നതിനിടയിലാണ് ജനങ്ങൾക്കിടയിൽ നിന്ന് വേറിട്ടൊരു ജീവിതമില്ലാത്ത ഉമ്മൻ ചാണ്ടിയെ പോലുള്ളവരും കേരള രാഷ്ട്രീയത്തിൽ അവശേഷിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം പ്രതീക്ഷ പകരുന്നത്..

സജീവ രാഷ്ട്രീയത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ പിതാവിന്റെ സവിശേഷതകൾ പിൻപറ്റിയിട്ടുള്ള , ജനകീയത സ്വായത്തമാക്കിയിട്ടുള്ള നേതൃ സാന്നിധ്യം തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും സന്നിഹിതമാക്കുന്നതെന്ന് അദ്ദേഹത്തിന്റെ നിശബ്ദ സാമൂഹ്യ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ചാണ്ടി ഉമ്മൻ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടിയും അതിന്റെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയും അഹോരാത്രം കേരളമെമ്പാടും ഓടി നടന്ന് പ്രവർത്തിക്കുന്നത് നിഷ്പക്ഷ കേരളം കണ്ടതാണ്. ഉമ്മൻ ചാണ്ടിക്ക് സ്നേഹപൂർവം നാട്ടുകാർ പതിച്ചു നൽകിയിരിക്കുന്ന ഔസ്യത്തായ പുതുപ്പള്ളിയിലും കോട്ടയത്തും മലപ്പുറത്തും തിരുവനന്തപുരത്തും തുടങ്ങി മിക്ക ജില്ലകളിലും ചാണ്ടി ഉമ്മൻ പ്രചരണ രംഗത്ത് പിന്നണിയിൽ ശക്തനായി നിന്ന് പ്രവർത്തിച്ചു. രാഷ്ട്രീയത്തിന്റെ സാധാരണ കീഴ് വഴക്കങ്ങൾ അനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും അദ്ദേഹം സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെടുമെന്ന് എതിർ വിഭാഗമെങ്കിലും കരുതിയെങ്കിലും ചാണ്ടി ഉമ്മൻ സാധാരണ പ്രവർത്തകർക്കൊപ്പം ചേർന്ന് തന്റെ ദൗത്യം നിർവഹിക്കുക മാത്രമായിരുന്നു ചെയ്തത്. മക്കൾ രാഷ്ട്രീയത്തിലെ ഏതൊരു മക്കളെക്കാളും എടുത്തു പറയാനുള്ള വിദ്യാഭ്യാസ യോഗ്യതയും മറ്റ് പശ്ചാത്തലങ്ങളുമുണ്ട് ഈ യുവാവിന് . വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് അഡ്ഹോക്ക് ലക്ചറർ, അമിറ്റി യൂണിവേഴ്സിറ്റി ഗസ്റ്റ് ഫാക്കൽറ്റി, എൽ .എൽ .എം ബിരുദധാരി . എൻ.എസ്. യു പ്രവർത്തകൻ തുടങ്ങി എത്ര വിശേഷണങ്ങൾ വേണമെങ്കിലും ചാണ്ടി ഉമ്മന് ചാർത്തി കൊടുക്കാനുണ്ട്.
കേരള രാഷ്ട്രീയത്തിലും നിയമസഭയിലും അമ്പത് വർഷം നിറ സാന്നിധ്യമായ ഉമ്മൻ ചാണ്ടിയെ കോട്ടയത്ത് കൂരോപ്പടിയിൽ ആദരിച്ച പോൾ ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനത്തെയും പൊതുബോധത്തെയും വെളിപ്പെടുത്തുന്നതായിരുന്നു. “ഈ റെക്കോഡ് അപ്പയുടേതല്ല, നിങ്ങളുടേതാണ് ” , എന്നായിരുന്നു സ്വീകരണ വേദിയിൽ ചാണ്ടി ഉമ്മൻ പറഞ്ഞത്.’ സുകൃതം സുവർണ്ണം ‘ എന്ന പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിക്കായി സ്വീകരണം ഒരുക്കിയിരുന്നു. ഇവിടെയൊക്കെയും ശ്രദ്ധേയ സാന്നിധ്യമായി ചാണ്ടി ഉമ്മൻ. പല വേദികളിലും ഉമ്മൻ ചാണ്ടിയോടൊപ്പം പ്രസംഗിക്കാൻ ചാണ്ടി ഉമ്മന് സംഘാടകർ അവസരമൊരുക്കിയെങ്കിലും അദ്ദേഹം അത് സന്തോഷ പൂർവം നിരസിക്കുന്നതാണ് കണ്ടത്. മണ്ഡലങ്ങളിലെ ഉമ്മൻ ചാണ്ടിയുടെ സ്വീകരണ യാത്രയുടെ കാര്യങ്ങൾ നിയന്ത്രിച്ചും പ്രവർത്തകരോടൊപ്പം അണിചേർന്നും ചാണ്ടി ഉമ്മൻ അവർക്കിടയിൽ ഒരാളായി മാറുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് അരങ്ങേറ്റം കുറിക്കാൻ പല കോണുകളിൽ നിന്ന് നിർബന്ധമുണ്ടായപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടാണ് ചാണ്ടി ഉമ്മൻ സ്വീകരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ പുതുപ്പള്ളി ഡി വിഷനിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകണമെന്ന് കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ” മറ്റുള്ള യുവാക്കൾക്ക് അവസരം കിട്ടട്ടെ , മത്സരിക്കാൻ കുറെ കാലമായി ശ്രമിക്കുന്ന ആളുകൾക്ക് അവസരമുണ്ടാകണം ” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇൻകാസ് ഖത്തറിന്റെ സ്നേഹ കൂട്ടായ്മ നൽകിയ സ്വീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ തന്റെ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടും വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. – രാഷ്ട്രീയ പ്രവർത്തനം സ്വന്തക്കാർക്കോ , സ്വന്തം പാർട്ടി കാർക്കോ വേണ്ടിയാകരുതെന്നാണ് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ചാണ്ടി ഉമ്മനെ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയും നേരവകാശിയുമായി വിലയിരുത്തപ്പെടുന്നത് സ്വാഭാവികം. എന്നാൽ സ്വന്തം പിതാവിന്റെ ക്ഷമയും കാത്തിരിക്കാനുള്ള സനദ്ധതയും മകനിലും പ്രകടമാണ്.
വിവാദമായ സോളാർ കേസിൽ അന്വേഷണ കമ്മിഷൻ ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ യാതൊരു വിസമ്മതോ, തടസ്സമോ പറയാതെ അദ്ദേഹം ഹാജരായിരുന്നു. ഒരു വക്കീലിന്റെ പോലും സഹായമില്ലാതെ പതിനൊന്ന് മണിക്കൂറിലേറെ നേരമാണ് അദ്ദേഹം സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള തികഞ്ഞ ആത്മവിശ്വാസത്തോടെ മറുപടി നൽകിയത്. ഇതിനിടയിൽ എന്തെങ്കിലും ശാരീരിക ക്ഷീണം കാട്ടുകയോ , വൈദ്യ സഹായമോ, മറ്റെന്തെങ്കിലും സേവനങ്ങളോ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ആർജ്ജവവും മാനസിക കരുത്തും സഹന ശക്തിയും കണ്ട് കേരളം അന്ന് അത്ഭുതം കൂറി. ഈ പിതാവിന്റെ തനി പകർപ്പ് തന്നെയാണ് താനെന്നാണ് ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള പൊതുജീവിതവും നിലപാടുകളും വ്യക്തമാക്കുന്നത്.
ഒരിക്കൽ അമേരിക്ക സന്ദർശിച്ചപ്പോൾ തന്റെ സുഹൃത്തിനെ കാണാൻ വേണ്ടി മാത്രം ടെക്സസിൽ വന്നു …കാരണം രോഗത്തോട് മല്ലിടുന്ന ആ സുഹൃത്തിനോടൊപ്പം 2 ദിവസം താമസിച്ചു മടങ്ങിയ ,മാനുഷിക മൂല്യങ്ങൾക്ക് ഇത്രയും വില നൽകുന്ന ചാണ്ടിയെ പോലയുള്ളവരിലാണ് നാളയുടെ പ്രതീക്ഷകൾ ..



