അബുദാബി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിന്റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടം സംബന്ധിച്ചും കേരളത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചും എന്ത് വിവരങ്ങള്‍ക്കായി കോണ്‍സുലേറ്റുമായി ബന്ധപ്പെടാം എന്നാണ്അവര്‍ ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചത്.
അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും തങ്ങളെക്കൊണ്ടാവുന്ന വിധത്തില്‍ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കുന്നുവെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്ക് പതിച്ചായിരുന്നു അപകടം.
സംഭവത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേരാണ് ഇതുവരെ മരിച്ചത്. പരിക്കുകളോടെ നിരവധി പേര് വിവിധ ആശുപത്രികളില്‍ കഴിയുകയാണ്.



