ടോക്കിയോ ഒളിംപിക്‌സ് വനിതകളുടെ 200 മീറ്ററിലും ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറയ്ക്ക് സ്വര്‍ണം. 21.53 സെക്കന്റിലാണ് എലെയ്ന്‍ മത്സരം ഫിനിഷ് ചെയ്തത്. ഇത് ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയമാണ്.

നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയതിനു പിന്നാലെയാണ് 200 മീറ്ററിലെ താരത്തിന്റെ സ്വര്‍ണനേട്ടം. നബീമയുടെ ക്രിസ്റ്റ്യന്‍ എംബോമ(21.81) വെള്ളിയും, അമേരിക്കയുടെ ഗബ്രിയേല തോമസ്(21.87) വെങ്കലവും സ്വന്തമാക്കി. എന്നാല്‍ ജമൈക്കയുടെ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസര്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്ന്‍ സ്വര്‍ണം നേടിയത്. 33 വര്‍ഷം പഴക്കമുള്ള അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നറിന്റെ(ഫ്ലോജോ) റെക്കോര്‍ഡാണ് എലെയ്ന്‍ മറികടന്നത്. കൂടാതെ 2004, 2008 ഒളിംപിക്സുകള്‍ക്ക് ശേഷം വനിതകളില്‍ ആദ്യമായാണ് ഒരു താരം 100 മീറ്ററിലും 200 മീറ്ററിലും ജയിച്ച്‌ ഇരട്ടസ്വര്‍ണനേട്ടം സ്വന്തമാക്കുന്നത്.