കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ 1. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ രാവിലെ എട്ടു മണിക്കു തുറന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് കടകള്‍ അടയ്ക്കണം. 2. പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി ദൂരയാത്ര അനുവദനീയമല്ല.

3. പാല്‍, പത്ര വിതരണം, തപാല്‍ വിതരണം എന്നിവ രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം. പാല്‍ സംഭരണം ഉച്ചയ്ക്കു രണ്ടു വരെ നടത്താം.

4. വഴിയോര കച്ചവടങ്ങള്‍ അനുവദനീയമല്ല.

5. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.

6. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സല്‍ സര്‍വീസും അനുവദിക്കില്ല.

7. ഇലക്‌ട്രിക്കല്‍, പ്ലംബിങ്, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍സിന് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നഴ്സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ് ലഭ്യമാക്കി യാത്ര ചെയ്യണം.

8. വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങളും കൂടിച്ചേരലുകളും മാറ്റിവെക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തിന് പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച്‌ നടത്താം. വിവാഹ, മരണാനന്തര ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

9. ജില്ലയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല.

10. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്താം. ഇതിനായി പരമാവധി അഞ്ചുപേരെ ഉള്‍ക്കൊള്ളിക്കാം.

11. പ്ലാന്‍റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നോ അന്യ ജില്ലകളില്‍നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജില്ലയിലുള്ള തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ പാടില്ല. തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കണം.

12. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്ബുകള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

13. ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച്‌ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

മറ്റു നിയന്ത്രണങ്ങള്‍

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. പാസുകള്‍ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.